ഗസ്സയിലെ സ്ഥിതിഗതികളിൽ ഉത്കണ്ഠ രേഖപ്പെടുത്തി യു.എൻ രക്ഷാസമിതി യോഗം
അൾജീരിയ കൊണ്ടുവന്ന കരട് പ്രമേയത്തിൽ ചർച്ച നടന്നു
ദുബൈ: യു.എൻ രക്ഷാസമിതി യോഗം റഫ ഉൾപ്പെടെ ഗസ്സയിലെ സ്ഥിതിഗതികളിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. അറബ് രാജ്യങ്ങളുടെ പിന്തുണയോടെ അൾജീരിയ കൊണ്ടുവന്ന കരട്പ്രമേയത്തിൽ രക്ഷാസമിതിയിൽ ചർച്ച നടന്നു. അന്താരാഷ്ട്ര കോടതിവിധി മുൻനിർത്തി റഫ ഉൾപ്പെടെ ഗസ്സയിൽ ആക്രമണം നിർത്താനുള്ള നടപടി വേണമെന്നാണ് കരടുപ്രമേയത്തിന്റെ കാതൽ.
ദക്ഷിണാഫ്രിക്ക, ഫലസ്തീൻ, അൾജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേൽ തുടരുന്ന ക്രൂരതകളുടെ വ്യാപ്തി തുറന്നുകാട്ടി. ഭീകരസംഘടനയായ ഹമാസിനെ തുരത്താനുള്ള യുദ്ധമാണ് തുടരുന്നതെന്നായിരുന്നു ഇസ്രായേൽ പ്രതിനിധിയുടെ ന്യായീകരണം. എന്നാൽ, കരട്പ്രമേയം ഒരു ലക്ഷ്യം നേടാനും പര്യാപ്തമല്ലെന്ന് അമേരിക്ക വ്യക്തമാക്കി.
അന്തർദേശീയ സമ്മർദം പൂർണമായും അവഗണിച്ച് കൂടുതൽ സൈനിക സന്നാഹങ്ങളിലൂടെ റഫയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇന്നലെയും വ്യാപക ആക്രമണം നടന്നു. റഫയിൽ രാത്രി നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടും.
കഴിഞ്ഞ ദിവസം തമ്പുകളിൽ ബോംബ് വർഷിച്ച് അഭയാർഥികളെ കൂട്ടക്കൊല നടത്തിയ ഇസ്രായേൽ ക്രൂരതയെ ന്യായീകരിച്ച് അമേരിക്ക രംഗത്തുവന്നു. ലക്ഷ്മണരേഖ കടക്കുന്നതൊന്നും റഫയിൽ ഇസ്രായേൽ ചെയ്തിട്ടില്ലെന്നും അതിനാൽ യു.എസ് നയത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. ഇസ്രായേലിന് ആയുധം നൽകുന്നത് ഇനിയും തുടരുമെന്നും അമേരിക്ക അറിയിച്ചു. റഫയിൽ അഭയാർഥികളെ കൂട്ടക്കുരുതി നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ ഉപയോഗിച്ചത് അമേരിക്ക നൽകിയ ബോംബുകളെന്ന റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു.
റഫയിൽ ഹമാസിന്റെ ചെറുത്തുനിൽപ്പും ശക്തമാണ്. മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. കെട്ടിടത്തിൽ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഒരുക്കിയ കെണിയിൽ കുടുങ്ങിയാണ് മരണം. പിന്നിട്ട 24 മണിക്കൂറിനിടെ 26 സൈനികർക്ക് പരിക്കേറ്റതായും ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും ഇസ്രായേൽ അറിയിച്ചു. വെസ്റ്റ്ബാങ്കിലെ നബുലസ് പട്ടണത്തിൽ ഫലസ്തീൻ പോരാളി നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേലികൾക്ക് ഗുരുതര പരിക്കേറ്റു.