ചരിത്രത്തിലെ അതിഭീകരമായ വെള്ളപ്പൊക്കം; ദക്ഷിണാഫ്രിക്കയിൽ 253 പേർ മരിച്ചു
ദുരന്തത്തിൽ റോഡുകളെല്ലാം ഒലിച്ചു പോയിട്ടുണ്ട്
ദക്ഷിണാഫ്രിക്കയിലെ ഡർബനിലുണ്ടായ വെള്ളപ്പൊക്കത്തിൽ 253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്. വെളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് ഡർബൻ സാക്ഷിയായത്.
ഇന്ന് ഉച്ചയോടെയാണ് നഗരത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്തു തുടങ്ങിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധിയാളുകളെ കാണാതായെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ കൊടുങ്കാറ്റും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. ഞങ്ങൾ കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണമാണ് ഏറ്റവും വലിയ ആശങ്ക സൃഷ്ടിക്കുന്നതെന്ന് പ്രവിശ്യാ ആരോഗ്യ മേധാവി പറഞ്ഞു. വെള്ളപ്പൊക്കത്തിൽ ക്ലർമോണ്ട് ടൗൺഷിപ്പിലെ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറി.
പ്രദേശത്ത് മതിൽ ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ നാല് കുട്ടികളാണ് മരിച്ചത്. കൊടുങ്കാറ്റിനെ തുടർന്ന് സബ്-സഹാറൻ ആഫ്രിക്കയിലെ പ്രധാന തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. ദുരന്തത്തിൽ റോഡുകളെല്ലാം ഒലിച്ചു പോയിട്ടുണ്ട്. മൊസാംബിക്, സിംബാവെ തുടങ്ങിയ മറ്റ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. അയൽ പ്രവിശ്യയായ കിഴക്കൻ കേപ്പിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രളയം ബാധിക്കാത്ത പ്രദേശങ്ങളിൽ സ്‌കൂളുകൾ തുറന്നെങ്കിലും അൽപ്പം വിദ്യാർഥികൾ മാത്രമാണ് എത്തിയിരുന്നതെന്ന് ഡർബനിലെ ഇനാൻഡ പ്രദേശത്തുള്ള അധ്യാപകൻ പറഞ്ഞു.
പ്രളയം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ദുരന്തം വിതച്ചിട്ടുണ്ടെന്നും അത് ജീവനും സ്വത്തിനും വലിയ നാശനഷ്ടമാണ് വരുത്തിയതെന്നും പ്രവിശ്യ സർക്കാർ അറിയിച്ചു. 1995 ലുണ്ടായ വെള്ളപ്പൊക്കത്തിൽ 140 പേരാണ് മരിച്ചത്. 'കാലാവസ്ഥാ വ്യതിയാനം കൂടുതൽ വഷളാകുകയാണെന്ന് ഞങ്ങൾക്കറിയാം, ശക്തമായ മഴയും കൊടുങ്കാറ്റും കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയാണ്, ' ജോഹന്നാസ്ബർഗ് സർവകലാശാലയിലെ ഡെവലപ്പമെന്റെ് സ്റ്റഡീസ് പ്രൊഫസർ മേരി ഗാൽവിൻ പറഞ്ഞു.