ബാത്‌റൂമിൽ നിന്ന് ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി: നാലു കോടി വരുന്ന 436 ഐഫോണുകൾ മോഷ്ടിച്ച് കള്ളന്മാർ
സിയാറ്റിലിലെ ആൾഡർവുഡ് മാളിലുള്ള ആപ്പിൾ സ്റ്റോറിലാണ് മോഷണം നടന്നത്
യുഎസിലെ ആപ്പിളിന്റെ സ്റ്റോറിൽ സിനിമാക്കഥയെ വെല്ലുന്ന മോഷണം. തൊട്ടടുത്ത കടയുടെ ബാത്‌റൂമിൽ നിന്ന് സ്‌റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കള്ളന്മാർ നാലു കോടിയിലധികം രൂപ വില മതിക്കുന്ന 436 ഫോണുകൾ കവർന്നു. സിയാറ്റിലിലെ ആൾഡർവുഡ് മാളിലുള്ള ആപ്പിൾ സ്റ്റോറിലാണ് മോഷണം നടന്നത്.
ആപ്പിൾ സ്റ്റോറിന് സമീപമുള്ള കോഫി ഷോപ്പിന്റെ ബാത്‌റൂമിലെ ഭിത്തിയിലൂടെയായിരുന്നു തുരങ്കം. ആപ്പിളിന്റെ കനത്ത സുരക്ഷാ വലയം പോലും ബന്ധിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഐഫോണുകൾ കൂടാതെ ആപ്പിളിന്റെ മറ്റ് ഉത്പന്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്റ്റോർ ജീവനക്കാർ രാവിലെ ജോലിക്കെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
സംഭവം നടന്നിട്ട് രണ്ടു ദിവസമായെങ്കിലും മോഷ്ടാക്കളെ ഇതുവരെ പിടികൂടാനായിട്ടില്ല. വിരലടയാളം പോലും ലഭിക്കാത്ത വിധത്തിലാണ് മോഷ്ടാക്കൾ കൃത്യം നടത്തിയതെന്നാണ് ലിൻവുഡ് പൊലീസ് അറിയിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.