''ഞങ്ങൾ അതിർത്തിയിലേക്ക് നീങ്ങുകയാണ്; എന്തെങ്കിലും സംഭവിച്ചാൽ ഗവൺമെന്റും എംബസിയുമായിരിക്കും ഉത്തരവാദികൾ''-സുമിയിലെ വിദ്യാർഥികൾ
യുദ്ധം തുടങ്ങിയത് മുതൽ ബങ്കറുകളിൽ നടക്കുന്ന സുമിയിലെ വിദ്യാർഥികൾ ഏറെ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെരുവ് യുദ്ധത്തിന് സമാനമായ ഏറ്റുമുട്ടൽ നടക്കുന്നതിനാൽ പുറത്തിറങ്ങി ഭക്ഷണമോ വെള്ളമോ വാങ്ങാൻ പറ്റാത്ത സാഹചര്യമാണ്.
തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യാ ഗവൺമെന്റും എംബസിയുമായിരിക്കും ഉത്തരവാദികളെന്ന് സുമിയിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ സന്ദേശം. തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും അവസാന ശ്രമമെന്ന നിലയിൽ തങ്ങൾ അതിർത്തിയിലേക്ക് നീങ്ങുകയാണെന്നും വിദ്യാർഥികൾ സന്ദേശത്തിൽ പറഞ്ഞു.
''രണ്ട് നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഞങ്ങൾ അറിഞ്ഞത്. അതിൽ മരിയുപോളിലേക്ക് സുമിയിൽ നിന്ന് 600 കിലോ മീറ്റർ ദൂരമുണ്ട്. രാവിലെ മുതൽ ഇവിടെ തെരുവ് യുദ്ധത്തിന് സമാനമായ രീതിയിൽ ഷെല്ലാക്രമണം നടക്കുകയാണ്. ഞങ്ങൾ ഏറെ നേരെ കാത്തിരിന്നു. ഇനിയും കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. ഞങ്ങൾ അതിർത്തിയിലേക്ക് നീങ്ങുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യൻ എംബസിയും ഗവൺമെന്റുമായിരിക്കും ഉത്തരവാദികൾ. 'മിഷൻ ഗംഗ' ഒരു വലിയ പരാജയമാണ്. ഇത് ഞങ്ങളുടെ അവസാന വീഡിയോയാണ്. അവസാന അഭ്യർഥനയാണ്- വിദ്യാർഥികൾ പറഞ്ഞു.
മരിയുപോൾ, വോൾനോവാഖ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. യുദ്ധഭൂമിയിൽ കുടുങ്ങിയവർക്ക് സുരക്ഷിതമായി പുറത്തുകടക്കാനാണ് ഇത്തരമൊരു സുരക്ഷിത ഇടനാഴി ഒരുക്കിയത്. സുമിയിലെ ഒഴികെ മറ്റു നഗരങ്ങളിലെ വിദ്യാർഥികളെല്ലാം ഏറെക്കുറെ രക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സുമിയിലെ വിദ്യാർഥികളുടെ ആശങ്ക വർധിച്ചത്.
യുദ്ധം തുടങ്ങിയത് മുതൽ ബങ്കറുകളിൽ നടക്കുന്ന സുമിയിലെ വിദ്യാർഥികൾ ഏറെ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെരുവ് യുദ്ധത്തിന് സമാനമായ ഏറ്റുമുട്ടൽ നടക്കുന്നതിനാൽ പുറത്തിറങ്ങി ഭക്ഷണമോ വെള്ളമോ വാങ്ങാൻ പറ്റാത്ത സാഹചര്യമാണ്. സൂപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളെല്ലാം തീർന്നിരിക്കുകയാണ്. കുടിവെള്ളം തീർന്നതിനാൽ മഞ്ഞ് ഉരുക്കിയെടുത്താണ് വിദ്യാർഥികൾ വെള്ളമായി ഉപയോഗിക്കുന്നത്.
അതേസമയം വിദ്യാർഥികൾ ബങ്കറുകളിൽ തന്നെ തുടരണമെന്നാണ് എംബസിയുടെ നിർദേശം. രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനാൽ പുറത്തിറങ്ങി നടക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും വിദ്യാർഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.