ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്; മെസ്സിക്ക് ഭീഷണി,അര്‍ജന്‍റീനയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്
റൊസാരിയോ: അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയുടെ ഭാര്യ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്. മെസ്സിക്ക് ഭീഷണി സന്ദേശം എഴുതിവച്ചാണ് അക്രമികള്‍ സ്ഥലം വിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
''മെസ്സീ...ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ജാവ്‍കിന്‍ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കണ്ട. അയാളും മയക്കുമരുന്ന് കടത്തുകാരനാണ്'' എന്നായിരുന്നു കൈപ്പടയിലെഴുതിയ ഭീഷണിസന്ദേശം. മെസ്സിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ.ബ്യൂണസ് ഐറിസിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് സൂപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. മെസ്സിയുടെ ഭാര്യ അന്റോണല റോക്കൂസോയുടെ കുടുംബത്തിന്‍റെതാണ് സൂപ്പർമാർക്കറ്റ് എന്ന് ജാവ്കിൻ സ്ഥിരീകരിച്ചു, "നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുക" എന്നതാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ മൂന്നിന് രണ്ട് പേർ മോട്ടോർ ബൈക്കിൽ വരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവരിൽ ഒരാൾ ഇറങ്ങി വെടിയുതിർത്തു. പിന്നീട് കുറിപ്പ് താഴെയിട്ട് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ ഇതു ഭീഷണിയല്ലെന്നും ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമാണെന്നും പ്രവിശ്യാ പൊലീസ് അസിസ്റ്റന്‍റ് ചീഫ് ഇവാൻ ഗോൺസാലസ് കാഡെന 3 ടെലിവിഷൻ സ്റ്റേഷനോട് പറഞ്ഞു.ആ സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോക്കൂസോ കുടുംബത്തിനെതിരെ മുമ്പ് ഭീഷണികളൊന്നുമുണ്ടായിട്ടില്ലെന്ന് കേസിന്‍റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ഫെഡറിക്കോ റെബോള മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതല്‍ സിസി ടിവി ക്യാമറകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തുറമുഖ നഗരമാണ് റൊസാരിയോ. ക്രമേണ മയക്കുമരുന്ന് കടത്തിന്‍റെ നാഡീ കേന്ദ്രമായും അർജന്‍റീനയിലെ ഏറ്റവും അക്രമാസക്തമായ നഗരമായും മാറുകയായിരുന്നു. 2022ല്‍ 287 കൊലപാതകങ്ങളാണ് ഇവിടെ നടന്നത്.