"14000 പേരെ കൊല്ലാതെ തന്നെ ഇസ്രായേലിനിത് നേടിയെടുക്കാമായിരുന്നു"
യുദ്ധത്തിന്റെ തുടക്കം മുതൽ, ഫലസ്തീൻ തടവുകാർക്ക് പകരമായി ഇസ്രായേൽ ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറായിരുന്നുവെന്നും പ്രൊഫസർ സുൽത്താൻ ബറകത്ത് ചൂണ്ടിക്കാട്ടി
ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയക്കുക മാത്രമായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യമെങ്കിൽ ഗസ്സയിൽ ജീവനെടുക്കാതെ തന്നെ അത് നേടിയെടുക്കാമായിരുന്നു എന്ന് ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് പോളിസി പ്രൊഫസർ സുൽത്താൻ ബറകത്ത്. താത്കാലിക വെടിനിർത്തലിന്റെ ആദ്യ ദിനം തന്നെ ഇക്കാര്യം വ്യക്തമായെന്നും സുൽത്താൻ ബറകത്ത് പറഞ്ഞു.
ആക്രമണത്തിന് മുതിരാതെ ഇസ്രായേലിന് സംസാരിച്ച് തുടങ്ങാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഒന്നാമത്തെ പാഠം ഇതാണ്, അവർക്ക് സംസാരിക്കാമായിരുന്നു. ഗസ്സയിൽ നാശനഷ്ടങ്ങൾ അഴിച്ചുവിടാതെ തന്നെ അവർക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു". യുദ്ധത്തിന്റെ തുടക്കം മുതൽ, ഫലസ്തീൻ തടവുകാർക്ക് പകരമായി ഇസ്രായേൽ ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ മോചിപ്പിച്ചത് 17 പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ്. യാതൊരു വിചാരണയും കൂടാതെ വർഷങ്ങളായി ഇവരെ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇസ്രായേൽ മോചിപ്പിച്ച തടവുകാരിൽ ആരും തന്നെ ഹമാസുമായി നേരിട്ട് ബന്ധമുള്ളവരല്ലെന്നും വ്യക്തമായി കഴിഞ്ഞതായി സുൽത്താൻ ബറകത്ത് പറയുന്നു. ഇസ്രായേൽ വിട്ടയച്ചവരിൽ ആരെയും തന്നെ ഒക്ടോബർ 7 ന് ശേഷം പിടികൂടിയതല്ല. അധിനിവേശവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണിതെന്നും സുൽത്താൻ ബറകത്ത് ചൂണ്ടിക്കാട്ടി.
13 ബന്ദികളെയാണ് ഹമാസ് ഇസ്രായേലിന് കൈമാറിയത്. 12 തായ്‌ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വടക്കൻ ഗസ്സയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടുപേരെ ഇസ്രായേൽ വെടിവെച്ചു കൊന്നിരുന്നു.