വെസ്റ്റ് ബാങ്കിൽ വീണ്ടും ഇസ്രായേൽ നരനായാട്ട്; വെടിവയ്പ്പിൽ മൂന്ന് ഫലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു
ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 117 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഗസ്സയിൽ 34 പേരും കൊല്ലപ്പെട്ടു
ജറൂസലം: വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കുനേരെ വീണ്ടും ഇസ്രായേൽ നരനായാട്ട്. അധിനിവിഷ്ട പ്രദേശത്തെ നാബ്ലുസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനി യുവാക്കൾ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഇസ്രായേൽ ആക്രമണത്തിൽ 30ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
നാബ്ലുസിലെ ബലാത്ത അഭയാർത്ഥി ക്യാംപിലാണ് ഇന്നു രാവിലെ ഇസ്രായേൽ ആക്രമണം നടന്നത്. ഇസ്രായേൽ സൈന്യത്തെ പ്രതിരോധിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് സൈത്തൂൻ(32), ഫാത്തി റിസ്‌ക്(30), അബ്ദുൽ അബൂ ഹംദാൻ(24) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ മറ്റൊരു ഫലസ്തീനി യുവാവ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.
അഭയാർത്ഥി ക്യാംപിനെ ഒന്നാകെ ഭയത്തിലാഴ്ത്തിക്കൊണ്ടായിരുന്നു രാവിലെ ഇസ്രായേൽ വെടിവയ്പ്പ് നടന്നത്. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി വന്ന ആരോഗ്യ പ്രവർത്തകരെയും ആംബുലൻസുകളെയും സൈന്യം സംഭവസ്ഥലത്തേക്ക് കടക്കാൻ അനുവദിച്ചില്ല. ബുൾഡോസർ ഉപയോഗിച്ചാണ് അഭയാർത്ഥി ക്യാംപിന്റെ കവാടം സംഘം തടഞ്ഞത്.
ക്യാംപിലെ നിരവധി വീടുകളിൽ ഇസ്രായേൽ സൈന്യം അതിക്രമിച്ചുകയറിയതായി 'മിഡിലീസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു. വീടിനകത്ത് അഴിഞ്ഞാടി. ഏതാനും വീടുകൾ ഒരു മുന്നറിയിപ്പും കൂടാതെ തകർത്തുകളഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിലും ഒരു പെൺകുട്ടിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു.
ബലാത്ത അഭയാർത്ഥി ക്യാംപിൽ ഇന്ന് നടന്നത് ശരിക്കും കൂട്ടക്കൊലയാണെന്ന് ഫലസ്തീൻ പ്രസിഡന്റിന്റെ വക്താവ് നാബിൽ അബൂ റുദൈന പ്രതികരിച്ചു. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ പ്രഖ്യാപിച്ച സമ്പൂർണയുദ്ധത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മാത്രം 117 ഫലസ്തീനികളെയാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഗസ്സയിൽ 34 പേരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
Summary: The Israeli army has killed three Palestinian youths during a large-scale raid on the Balata refugee camp in the city of Nablus from the occupied West Bank