ജപ്പാനിൽ ട്രെയിനിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു
ജപ്പാനിലെ ഒസാക്കയിലാണ് സംഭവം
ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിൽ ഇന്ന് രാവിലെയുണ്ടായ കത്തികുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ആരോപണ വിധേയനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ട്രെയിൻ കണ്ടക്ടർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒസാക്കയിലെ റിങ്കു ടൗണിൽ വെച്ചാണ് 37 കാരനായ പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കയ്യിൽ മൂന്ന് കത്തികളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ഇയാൾക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.
ഇതിനു മുമ്പ് 2021ലെ ഹാലോവീൻ ദിനത്തിൽ കോമിക് ബുക്ക് വില്ലൻ ജോക്കറിന്റെ വേഷ ധരിച്ചു വന്നയാൾ ടോക്കിയോയിൽ ഒരാളെ ട്രെയിനിൽ വെച്ച് കുത്തിപരിക്കേൽപിക്കുകയും വെടിവെക്കുകയും ചെയ്തിരുന്നു.