രണ്ടുവയസുകാരൻ ഫോണിൽ കളിച്ചു; വീട്ടിലേക്കെത്തിയത് ഒന്നര ലക്ഷം രൂപയുടെ ഫർണിച്ചർ
അമ്മയുടെ ഫോണിലെ ഓൺലൈൻ ആപ്പിലൂടെയാണ് ഫർണിച്ചർ ഓർഡർ ചെയ്തത്
ന്യൂ ജഴ്‌സിയിലെ ഇന്ത്യൻ വംശജരായ പ്രമോദ് കുമാറും ഭാര്യ മധു കുമാറും പുതിയ വീട്ടിലേക്ക് താമസം മാറിയത് രണ്ടുദിവസങ്ങൾക്ക് മുമ്പായിരുന്നു. ന്യൂജേഴ്സിയിലെ മോൺമൗത്ത് ജംഗ്ഷനിലുള്ള പുതിയ വീട്ടിലേക്ക് വലുതും ചെറുതുമായ പെട്ടികളിലായി ഓൺലൈൻ സൈറ്റിൽ നിന്ന് സാധനങ്ങൾ എത്തിക്കൊണ്ടിരുന്നു. പെട്ടികൾ തുറന്ന്പരിശോധിച്ചപ്പോൾ ഇരുവരും ഞെട്ടിപ്പോയി. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വരുന്ന( 2000 ഡോളർ) ഫർണിച്ചറാണ് തുടർച്ചയായി ഡെലിവറി ചെയ്തുകൊണ്ടിരുന്നത്. സംഭവിക്കുന്നത് എന്താണെന്നറിയാതെ ഇരുവരും കുഴങ്ങി. ഭർത്താവോ മൂത്ത മക്കളോ ഒന്നും ഓർഡർ ചെയ്തില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടർന്നാണ് ഇളയ മകനായ രണ്ടു വയസുകാരനിലേക്ക് സംശയം നീളുന്നത്. പരിശോധിച്ചപ്പോൾ അമ്മയുടെ ഫോണിൽ നിന്ന് കക്ഷിയാണ് ഓൺലൈനിൽ ആപ്പിൽ നിന്ന്ഫർണിച്ചറുകൾ ഓർഡർ ചെയ്തത്.
വീടുമാറുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ഫർണിച്ചർ ഓൺലൈൻ സൈറ്റിൽ നോക്കി വെക്കുകയും ഇത് കാർട്ടിലാക്കുകയും ചെയ്തിരുന്നു. ഫ്‌ളവർ സ്റ്റാന്റുകൾ,കസേരകൾ, മറ്റ് ഫർണിച്ചറുകൾ ഇവയെല്ലാം ഭാവിയിൽ ഓർഡർ ചെയ്യാൻ വേണ്ടിയാണ് കാർട്ടിൽ ഇതെല്ലാം സൂക്ഷിച്ചത്. ഇതിലെ ഫർണിച്ചർ ഒന്നിലേറെ തവണ മകനായ അയാംഷ് ഓർഡർ ചെയ്യുകയായിരുന്നെന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മകനായ അയാംഷാണ് ഇത് ചെയ്തത് എന്നറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. അവൻ ചെറിയ കുട്ടിയാണ്. അറിയാതെ ചെയ്തുപോയതായിരിക്കും. പക്ഷേ ഈ ഒരു സംഭവത്തോടെ വലിയൊരു പാഠം പഠിച്ചെന്നും ഇവർ പറയുന്നു. ഇനി മുതൽ മൊബൈൽ ഫോണടക്കമുള്ള ഉപകരണങ്ങൾ മുഖം തിരിച്ചറിയുന്ന രീതിയിലുള്ള പാസ് വേർഡുകൾ ഉപയോഗിച്ച് സംരക്ഷിക്കുമെന്നും ഇവർ പറഞ്ഞു.
ഓർഡർ ചെയ്ത സാധനങ്ങൾ തിരിച്ചെടുത്ത് മുഴുവൻ പണവും തിരികെ നൽകാമെന്ന് ഓൺലൈൻ സൈറ്റ് ഉറപ്പ് നൽകിയിട്ടുണ്ട്. സാധനങ്ങൾ മുഴുവൻ ഡെലിവറി ചെയ്തുകഴിഞ്ഞാൽ ഓൺലൈൻ സൈറ്റിന്റെ പ്രാദേശിക ഔട്ട് ലറ്റിലേക്ക് ഇതു കൈമാറുമെന്നും മാതാപിതാക്കൾ അറിയിച്ചു. മക്കൾക്ക് ഫോൺകൊടുത്താൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറഞ്ഞും സമാന അനുഭവങ്ങൾ പങ്കുവെച്ചും നിരവധി പേരാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.