ലബനാനിൽ വെടിനിർത്തൽ നീക്കവുമായി ഇസ്രായേൽ; പിന്തുണ തേടി നെതന്യാഹുവിന്‍റെ വിശ്വസ്തൻ റഷ്യ സന്ദർശിച്ചു
ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണത്തിൽ എൺപതിലേറെ പേർ മരിച്ചു
തെല്‍ അവിവ്: ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം ശക്തമായിരിക്കെ, ലബനാനിൽ വെടിനിർത്തൽ നീക്കവുമായി ഇസ്രായേൽ. പിന്തുണ തേടി നെതന്യാഹുവിന്‍റെ വിശ്വസ്തൻ റഷ്യ സന്ദർശിച്ചു. അതിനിടെ ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണത്തിൽ എൺപതിലേറെ പേർ മരിച്ചു.
അമേരിക്കയും ഇസ്രായേലും ലബനാൻ സർക്കാറും ചേർന്ന് വെടിനിർത്തൽ നിർദേശത്തിന് രൂപം നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയുടെ പിന്തുണ തേടി നെതന്യാഹുവിന്‍റെ വിശ്വസ്തനും ഇസ്രായേൽ സ്ട്രാറ്റജിക് വകുപ്പ് മന്ത്രിയുമായ ഡോൺ ഡെർമർ കഴിഞ്ഞ ദിവസം മോസ്കോ സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. ഇപ്പോൾ അമേരിക്കൻ സന്ദർശനം നടത്തുന്ന റോൺ ഡെർമർ ഇന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എന്നിവരുമായും ചർച്ച നടത്തും.
ലബനാൻ വെടിനിർത്തലിനു പുറമെ ഗസ്സയിലേക്ക് കൂടുതൽ സഹായം നൽകുന്നതും ചർച്ചയിൽ ഇടംപിടിക്കും. ഹിസ്ബുല്ലയുടെ പേജർ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി നെതന്യാഹു മന്ത്രിസഭായോഗത്തിൽ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ. ഗസ്സയിൽ വെടിനിർത്തലിനെ പിന്തുണക്കുന്നത് ഹമാസാണെന്ന് സിബിഎസ് ചാനൽ സംവാദത്തിൽ ജെയ്ക് സള്ളിവൻ തുറന്നടിച്ചു. ഗസ്സ യുദ്ധം 400 ദിനം പിന്നിട്ടിട്ടും സിവിലിയൻ കുരുതി വ്യാപിപ്പിക്കുകയാണ് ഇസ്രായേൽ. 24 മണിക്കൂറിനിടെ ഗസ്സയിൽ 53 പേരെയും ലബനാനിൽ 38 പേരെയും വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ കൊലപ്പെടുത്തി.
വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ടാണ് 33 പേരെ കൊലപ്പെടുത്തിയത്. ലബനാനിലെ വടക്കൻ ബെയ്റൂത്തില്‍ ആൽമാത് ഗ്രാമത്തിലാണ് 20 പേർ കൊല്ലപ്പെട്ടത്. ഗൗരവപൂർണമായ ഇടപെടൽ ഉണ്ടായാൽ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുമെന്ന് ഖത്തറിനു പിന്നാലെ ഈജിപ്തും വെളിപ്പെടുത്തി. ഹൈഫയിലെ നാവിക കേന്ദ്രത്തിനു നേർക്ക് നടന്ന മിസൈൽ ആക്രമണത്തിൽ ശത്രുവിന് വലിയ നാശം വരുത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു.