അമ്യൂസ്മെന്റ് പാർക്കിലെ സാഹസിക റൈഡ് നിശ്ചലമായി; തലകീഴായിക്കിടന്ന് വിനോദ സഞ്ചാരികൾ

സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു

Update: 2023-01-21 08:02 GMT
Editor : Lissy P | By : Web Desk
Advertising

ബീജിങ്: അമ്യൂസ്‌മെന്റ് പാർക്കിൽ പോകാനും അതിലെ സാഹസിക റൈഡുകൾ കയറാനും മിക്കവർക്കും ഇഷ്ടമാണ്. തലകീഴായും വേഗത്തിലും സഞ്ചരിക്കുന്ന റൈഡുകൾ അപകടങ്ങളും സൃഷ്ടിക്കാറുണ്ട്. റൈഡുകൾ ആകാശത്ത് വെച്ച് നിന്നുപോയാല്‍ എന്തു ചെയ്യും...ആവേശവും സന്തോഷവും അതോടെ കാറ്റിൽ പറക്കും. എന്നാൽ അത്തരത്തിലൊരു സംഭവം ചൈനയിൽ നടന്നു.

ഒരു അമ്യൂസ്‌മെന്റ് പാർക്കിലെ സാഹസിക റൈഡ് പെട്ടന്ന് പ്രവർത്തനം നിലച്ചു. അതുമാത്രമല്ല, റൈഡ് നിന്നുപോയപ്പോള്‍  യാത്രക്കാരെല്ലാം തലകീഴായിട്ടായിരുന്നു ഉണ്ടായിരുന്നത്. പെൻഡുലം റൈഡ് തകരാറിലായതിനെത്തുടർന്ന് പാർക്കിലെ വിനോദസഞ്ചാരികൾ 10 മിനിറ്റോളമാണ് തലകീഴായി തൂങ്ങിക്കിടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

ജനുവരി 19 നാണ് ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തിലെ ഒരു അമ്യൂസ്മെന്റ് പാർക്കിലാണ് ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. പാർക്കിൽ ഉണ്ടായിരുന്ന തൊഴിലാളികളും ജീവനക്കാരും ഭീമൻ പെൻഡുലം റൈഡ് ശരിയാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൺട്രോൾ പാനൽ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷമാണ് റൈഡ് വീണ്ടും പ്രവർത്തിപ്പിക്കാനായത്. അനുവദിച്ചതിനേക്കാളും ആളുകൾ റൈഡിൽ കയറിയെന്നും ഭാരം കൂടിയപ്പോഴാണ് റൈഡ് നിശ്ചലമായതെന്നുമാണ് പാർക്കിലെ അധികൃതർ നൽകുന്ന വിശദീകരണം.

അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് ചാർജ് തിരിച്ചുനൽകുകയും പരിക്കേറ്റവർക്കും ആരോഗ്യബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടവർക്കും ചികിത്സാ സഹായം നൽകുകയും ചെയ്തിട്ടുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News