അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപും ജോ ബൈഡനും വീണ്ടും ഏറ്റുമുട്ടാൻ സാധ്യത
വിവിധ അഭിപ്രായ സർവേകളിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനേക്കാൾ ജനപ്രീതി നേടാൻ ട്രംപിന് കഴിയുന്നുണ്ട്
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും നിലവിലെ പ്രസിഡൻറ് ജോ ബൈഡനും വീണ്ടും ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി. സ്ഥാനാർഥികളെ കണ്ടെത്താനുള്ള സൂപ്പർചൊവ്വ പോരാട്ടങ്ങളിൽ ട്രംപും ബൈഡനും വൻ മുന്നേറ്റമാണ് നടത്തിയത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ ഇരുപാർട്ടികളും കണ്ടെത്തുന്ന പ്രാഥമിക തെരഞ്ഞെടുപ്പുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 15 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന സൂപ്പർ റ്റിയൂസ്‌ഡേയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നിലവിലെ പ്രസിഡന്റ ജോ ബൈഡനും ബഹുദൂരം മുന്നേറിയിരിക്കുകയാണ്. 15 സംസ്ഥാനങ്ങളിൽ വെർമോണ്ടിൽ മാത്രമാണ് ഇന്ത്യൻ വംശജ കൂടിയായ നിക്കിഹേലിക്ക് ട്രംപിനെ പരാജയപ്പെടുത്താനായത്.
ഇരുപാർട്ടികളും നാലുമാസത്തിനു ശേഷം നടത്തുന്ന പാർട്ടി കൺവെൻഷനിലാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഇപ്പോൾ നടക്കുന്ന പ്രൈമറികളിൽ ഓരോ സംസ്ഥാനത്തെയും ജനസംഖ്യയനുസരിച്ച് അവിടെ വിജയിക്കുന്നവർക്ക് ഡെലിഗേറ്റ്‌സിനെ ലഭിക്കും. ഡോണൾഡ് ട്രംപിന് സ്ഥാനാർഥിയാകാൻ 1215 പ്രതിനിധികളുടെ പിന്തുണ വേണം. നിലവിൽ 979 പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിക്കഴിഞ്ഞു. നിക്കി ഹേലിക്ക് കിട്ടിയത് 92 പേരുടെ പിന്തുണ മാത്രമാണ്.
ഡെമോക്രാറ്റ് പാർട്ടിയിൽ സ്ഥാനാർഥിയാകാൻ 1,968 പേരുടെ പിന്തുണ വേണം. ബൈഡന് 1,435 പേരുടെ പിന്തുണ ഇപ്പോൾ തന്നെ ഉറപ്പായി. വോട്ടെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലെ മത്സരം വരുംദിവസങ്ങളിൽ പൂർത്തിയാകും. വിവിധ അഭിപ്രായ സർവേകളിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനേക്കാൾ ജനപ്രീതി നേടാൻ ട്രംപിന് കഴിയുന്നുണ്ട്. നവംബറിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്.