ട്വിറ്ററിനെ നയിക്കാൻ വനിതാ സിഇഒ; മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
ഈ ജോലി ഏറ്റെടുക്കാനും മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തുകയാണെങ്കിൽ താൻ സിഇഒ സ്ഥാനത്ത് നിന്ന് മാറുമെന്ന് ചുമതലയേറ്റ് മാസങ്ങൾ തികയുന്നതിന് മുൻപ് മസ്‌ക് പറഞ്ഞിരുന്നു
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഇനി പുതിയ സിഇഒ നയിക്കുമെന്ന് ഇലോൺ മസ്‌ക് അറിയിച്ചതിന് പിന്നാലെ ട്രോളിട്ട് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. പുതിയ സിഇഒ ആരെന്ന് മസ്‌ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എൻബിസി യൂണിവേഴ്സലിലെ പരസ്യവിഭാഗം മേധാവി ലിൻഡ യാക്കാരിനോ ആയിരിക്കുമെന്നാണ് സൂചന. മസ്‌കിന്റെ പ്രഖ്യാപനത്തെ ട്രോളുകളും മീമുകളുമായാണ് ട്വിറ്റർ ഉപയോക്താക്കൾ സ്വീകരിച്ചത്. തങ്ങളുടെ ക്രിയേറ്റിവിറ്റി മുഴുവൻ പുറത്തടുത്ത ചിലർ പുതിയ സിഇഒയുടെ 'ചിത്രം' അടക്കം പുറത്തുവിടുകയും ചെയ്‌തു.
ഒരു നിമിഷത്തേക്ക് മസ്‌ക് മാറിനിന്ന് കഴിഞ്ഞാൽ പുതിയ സിഇഒ എന്ന തലക്കെട്ടോടെ താനോസിന്റെ ഫോട്ടോ പങ്കുവെച്ച മീം ചിരിപടർത്തി.
ജാക്ക് ഡോർസി, പരാഗ് അഗർവാൾ, എലോൺ മസ്‌ക്, ഷിബ ഇനു എന്നിവരുൾപ്പെടെ ട്വിറ്ററിന്റെ മുൻ സിഇഒമാരെ ഉൾപ്പെടുത്തിയ മറ്റൊരു മീമും ട്രെൻഡിങ് ലിസ്റ്റിലുണ്ട്.
ആറാഴ്‌ചക്കുള്ളിൽ പുതിയ സിഇഒ ചുമതലയേൽക്കുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്‌തിരുന്നു. എക്‌സിക്യൂട്ടീവ് ചെയർ, സിടിഒ, പ്രൊഡക്‌ടുകളുടെയും സോഫ്റ്റ്‌വെയറുകളുടെയും മേൽനോട്ടം തുടങ്ങിയ ചുമതലയാകും താൻ വഹിക്കുകയെന്നും മസ്‌ക് അറിയിച്ചു.
ഈ ജോലി ഏറ്റെടുക്കാനും മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തുകയാണെങ്കിൽ താൻ സിഇഒ സ്ഥാനത്ത് നിന്ന് മാറുമെന്ന് ചുമതലയേറ്റ് മാസങ്ങൾ തികയുന്നതിന് മുൻപ് മസ്‌ക് പറഞ്ഞിരുന്നു. കഴിഞ്ഞ ആറ് മാസമായി ട്വിറ്ററിനെ നയിക്കാൻ പുതിയ ആളെ അന്വേഷിക്കുകയായിരുന്നു മസ്‌ക്. എക്‌സ് കോര്‍പ്പ് എന്ന കമ്പനിയ്ക്കാണ് ഇപ്പോള്‍ ട്വിറ്ററിന്റെ നിയന്ത്രണം. ഈ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്കാണ് മസ്‌ക് കണ്ടെത്തിയ പുതിയ ആൾ എത്തുക.
നേരത്തെ താൻ സിഇഒ സ്ഥാനത്ത് തുടരണോ എന്നത് സംബന്ധിച്ച് മസ്‌ക് ട്വിറ്ററിൽ ഒരു പോൾ നടത്തിയിരുന്നു. ഭൂരിഭാഗം ആളുകളും മസ്‌ക് പടിയിറങ്ങണമെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു മസ്‌കിന്റെ പ്രഖ്യാപനം.