ഓസ്‌ട്രേലിയയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; നാല് മരണം
സംഭവത്തിൽ ഓസ്‌ട്രേലിയയുടെ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Update: 2023-01-02 13:48 GMT
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഗോൾഡ്‌കോസ്‌റ്റ് വിനോദസഞ്ചാര കേന്ദ്രത്തിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്ത് കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഒരു ഹെലികോപ്റ്റർ കരയിൽ നിന്ന് ഏതാനും അടി അകലെ മണലിൽ മറിഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. മറ്റൊരു ഹെലികോപ്റ്ററിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഒരു റെസ്ക്യൂ ഹെലികോപ്റ്റർ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂട്ടിയിടിച്ചതിന് പിന്നാലെ സീ വേൾഡ് റിസോർട്ടിൽ നിന്ന് പുറത്തുള്ള മണലിലേക്ക് ഒരു ഹെലികോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്തതാണ് നാലുപേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ക്വീൻസ്ലാൻഡ് പോലീസ് സർവീസ് ആക്ടിംഗ് ഇൻസ്പെക്ടർ ഗാരി വോറെൽ പറഞ്ഞു. സംഭവത്തിൽ ഓസ്‌ട്രേലിയയുടെ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.