ഗസ്സയിൽ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ കൊല്ലപ്പെടുന്നു; ഗർഭം അലസൽ 300 ശതമാനം വർധിച്ചു

10,000 കുട്ടികൾക്കെങ്കിലും പിതാവിനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു

Update: 2024-01-21 03:00 GMT
Advertising

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആ​സൂത്രിത വംശഹത്യക്കിടെ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ കൊല്ലപ്പെടുകയാണെന്ന് ‘ഐക്യരാഷ്ട്ര സഭ വുമൺ’ പഠനം. ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിൽ ഇരയായവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് യു.എൻ വുമൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ സിമ ബഹൂസ് വ്യക്തമാക്കുന്നു.

‘ഇവർ മനുഷ്യരാണ്, വെറും അക്കങ്ങളല്ല. നമ്മൾ അവരെ പരാജയപ്പെടുത്തുകയാണ്. ആ പരാജയവും കഴിഞ്ഞ 100 ദിവസങ്ങളിൽ ഫലസ്തീൻ ജനതയിലുണ്ടാക്കിയ ആഘാതവും വരും കാലത്തും നമ്മെയെല്ലാം വേട്ടയാടും’ -ബഹൂസ് വിശദീകരിച്ചു. കുറഞ്ഞത് 3000 സ്ത്രീകളെങ്കിലും വിധവകളായി മാറി. 10,000 കുട്ടികൾക്കെങ്കിലും പിതാവിനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

ഗസ്സയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവശ്യമായ മാനുഷിക സഹായം ലഭ്യമാക്കാൻ വെടിനിർത്തലിന് ഏജൻസി ആവശ്യപ്പെടുന്നത് തുടരുകയാണ്. അവർക്ക് സുരക്ഷയും സംരക്ഷണവും ഉടനടി തടസ്സമില്ലാതെ ലഭ്യമാക്കണമെന്നും ബഹൂസ് കൂട്ടിച്ചേർത്തു.

ആക്രമണം ആരംഭിച്ചശേഷം 20,000ത്തോളം കുഞ്ഞുങ്ങളാണ് ഗസ്സയിൽ പിറന്നതെന്ന് യുണിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ടെസ് ഇൻഗ്രാം ജനീവയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഗസ്സയിൽ ഗർഭം അലസു​ന്ന സംഭവം ക്രമാതീതമായി വർധിച്ചതായും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രായേലിന്റെ ക്രൂരമായ ഉപരോധം മൂലമുണ്ടാകുന്ന പട്ടിണി, ആരോഗ്യ സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യതക്കുറവ് തുടങ്ങിയവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇസ്രായേൽ ആക്രമണം ആരംഭിച്ചശേഷം ഗസ്സയിൽ ഗർഭം അലസലുകൾ 300 ശതമാനം വർധിച്ചതായാണ് കണക്ക്. തുടർച്ചയായ ആക്രമണം ഗർഭഛിദ്രങ്ങൾക്കും ഗർഭകാല വൈകല്യങ്ങൾക്കും കാരണമാകുന്നു. ആക്രമണങ്ങൾ, ഗർഭകാല പരിചരണക്കുറവ്, മലിനജലം, പകർച്ചവ്യാധികൾ, പോഷകാഹാരക്കുറവ്, ശരീരഭാരം കുറയൽ, പട്ടിണി എന്നിവയെല്ലാം ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഇസ്രാ​യേൽ ആക്രമണത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ഗസ്സയിലെ മാതൃ-ശിശു പരിചരണ സംവിധാനങ്ങളിൽ നല്ലൊരു ശതമാനവും പ്രവർത്തനരഹിതമായിട്ടുണ്ട്. ഏതാനും ആശുപത്രികൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പല ആശുപത്രികളും ഗർഭകാല പരിചരണ ശേഷിയുടെ പത്തിരട്ടിയിലധികമായാണ് പ്രവർത്തനം.

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25,000ത്തിലേക്ക് അടുക്കുകയാണ്. 62,388 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ അധിനിവേശ സേന 14 കൂട്ടക്കൊലകളാണ് നടത്തിയത്. ഇതിൽ 165 പേർ കൊല്ലപ്പെടുകയും 280 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News