കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അര കിലോമീറ്റർ വ്യത്യാസത്തിൽ ആക്രമണത്തിന് ഇരയായത്
കെയ്‌റോ: ഈജിപ്തിലെ ചെങ്കടലിൽ നീന്തുന്നതിനിടെ യൂറോപ്പിൽ നിന്നുള്ള രണ്ട് വനിതകൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തീരദേശ നഗരമായ ഹുർഗദയ്ക്കു സമീപം ഇക്കഴിഞ്ഞ ദിവസങ്ങളിൽ 600 മീറ്റർ ഇടവിട്ടുള്ള വ്യത്യസ്ത സംഭവങ്ങളിലാണ് ഓസ്ട്രിയ, റൊമാനിയ സ്വദേശിനികൾക്ക് ജീവൻ നഷ്ടമായതെന്ന് ഈജിപ്ത് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഓസ്ട്രിയൻ സ്വദേശിയായ മറ്റൊരാൾക്ക് സ്രാവിന്റെ ആക്രമണത്തിൽ ഇടതുകൈ നഷ്ടമാവുകയും ചെയ്തു.
ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടലിൽ നിരവധി സ്രാവുകളുണ്ടെങ്കിലും ഇവ സാധാരണ ഗതിയിൽ നിയന്ത്രിത മേഖലയിൽ നീന്താറുള്ള മനുഷ്യരെ ആക്രമിക്കാറില്ല. ഗുർഗദയിൽ എന്താണ് സംഭവിച്ചതെന്നും സ്രാവിന്റെ അസ്വാഭാവികമായ പെരുമാറ്റത്തിന് കാരണം എന്തെന്നും മനസ്സിലാക്കാൻ ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്രാവിന്റെ ആക്രമണത്തെ തുടർന്ന് ഹുർഗദയ്ക്കു സമീപമുള്ള എല്ലാ ബീച്ചുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാൻ ചെങ്കടൽ ഗവർണർ അമർ ഹനഫി ഉത്തരവിട്ടിട്ടുണ്ട്.
സ്രാവ് വനിതയെ ആക്രമിക്കുന്നതിന്റേതെന്ന് കരുതുന്ന വീഡിയോ കഴിഞ്ഞ വെള്ളിയാഴ്ച ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇതിന്റെ ആധികാരികത വ്യക്തമല്ല.
ഓസ്ട്രിയയിലെ ടെയ്‌റോൾ മേഖലയിൽ നിന്നുള്ള 68-കാരിയായ സ്ത്രീ ചെങ്കടലിൽ കൊല്ലപ്പെട്ടതായി ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഈജിപ്തിൽ വിനോദസഞ്ചാരത്തിന് എത്തിയതായും ഓസ്ട്രിയൻ വാർത്താ ഏജൻസി എ.പി.എ പറയുന്നു. എന്നാൽ, അഞ്ചുവർഷത്തോളമായി ഇവർ ഈജിപ്തിൽ താമസിച്ചു വരികയാണെന്നും ഇവരുടെ ഭർത്താവ് ഈജിപ്തുകാരനാണെന്നും ഈജിപ്തിലെ സുരക്ഷാ അധികൃതർ അവകാശപ്പെട്ടു. ആക്രമണം നേരിട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തങ്ങളുടെ ഒരു പൗര സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റൊമാനിയയും സ്ഥിരീകരിച്ചിട്ടുണ്ട്. 40 വയസ്സുള്ള ഇവർ വിനോദ സഞ്ചാരിയാണെന്നും, ഓസ്ട്രിയൻ വനിത ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കു ശേഷം ഇവരുടെ മൃതശരീരം കണ്ടെത്തുകയായിരുന്നുവെന്നും ഈജിപ്ത് അധികൃതർ പറഞ്ഞു.
2018-ൽ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഒരു വനിത ചെങ്കടലിൽ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 2015-ൽ ഒരു ജർമൻ ടൂറിസ്റ്റും സമാന രീതിയിൽ കൊല്ലപ്പെട്ടു. 2010-ൽ ശറം അൽ ഷെയ്ഖ് തീരത്തിനു സമീപം അഞ്ചു ദിവസം തുടർച്ചയായി സ്രാവിന്റെ ആക്രമണമുണ്ടായി. ഇതിൽ ഒരു ജർമൻകാരൻ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്രാവുകളുടെ ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണെന്ന് ഈജിപ്തിന്റെ ആരോപണം ഇസ്രായേൽ തള്ളിയിരുന്നു.