അഫ്ഗാനികൾക്ക് അഭയമൊരുക്കുമെന്ന് യുഎഇ

യുഎസിന്റെ അഭ്യർത്ഥന പ്രകാരമാണ് രാജ്യത്തിന്റെ നടപടി.

Update: 2021-08-21 03:36 GMT
Editor : abs | By : Web Desk
Advertising

ദുബായ്: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് രാജ്യത്ത് ഇടം നൽകുമെന്ന പ്രഖ്യാപനവുമായി യുഎഇ. ആദ്യഘട്ടത്തിൽ അയ്യായിരം പേർക്ക് അഭയം നൽകുമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി. യുഎസ് വിമാനങ്ങളിലാകും അഭയാർത്ഥികളെ യുഎഇയിലെത്തിക്കുക.

'എല്ലാ കാലത്തും സമാധാനമാണ് യുഎഇ ആഗ്രഹിച്ചിട്ടുള്ളത്. അനിശ്ചിതത്വത്തിന്റെ വേളയിൽ അഫ്ഗാൻ ജനതയെ സഹായിക്കേണ്ടതുണ്ട്'- തീരുമാനം അറിയിക്കവെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസി പറഞ്ഞു. 

അതിനിടെ, അഫ്ഗാനിൽ നിന്ന് മുവ്വായിരം സേനയെ ഒഴിപ്പിച്ചതായി യുഎസ് വ്യക്തമാക്കി. ഓഗസ്റ്റ് 14 മുതൽ ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. രാജ്യം താലിബാന്റെ നിയന്ത്രണത്തിലായ ശേഷം പതിനെട്ടായിരം പേരെ കാബൂൾ വിമാനത്താവളം വഴി ഒഴിപ്പിച്ചതായി നാറ്റോ വ്യക്തമാക്കി. ഇപ്പോഴും വിമാനത്താവളത്തിൽ ആളുകളുടെ നീണ്ട നിരയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അഭയാർത്ഥികളെ സ്വീകരിക്കാൻ അയൽ രാഷ്ട്രങ്ങൾ അതിർത്തികൾ തുറക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. യുഎൻഎച്ച്സിആർ വക്താവ് ഷാബിയ മാൻതുവാണ് ഇക്കാര്യമഭ്യർത്ഥിച്ചത്. അടിയന്തരവും വിശാലവുമായ അന്താരാഷ്ട്ര പ്രതികരണം യുഎൻ വിഷയത്തിൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.

'ഭൂരിപക്ഷം അഫ്ഗാനികൾക്കും ശരിയായ മാർഗത്തിലൂടെ രാജ്യം വിടാനാകുന്നില്ല. അപകടത്തിൽപ്പെട്ടവർക്ക് പുറത്തേക്ക് പോകാൻ കൃത്യമായ വഴികളില്ല. അയൽ രാഷ്ട്രങ്ങൾ അവരുടെ അതിർത്തികൾ തുറന്ന് അഫ്ഗാനികൾക്ക് അഭയം നൽകണം. രാജ്യത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സിവിലിയന്മാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ യുഎന്നിൽ ഉത്കണ്ഠയുണ്ട്'- ജനീവയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News