30 ടണ്ണിന്റെ ഭക്ഷ്യസഹായവുമായി യു.എ.ഇ: ഭൂകമ്പത്തിൽ തകർന്ന അഫ്ഗാന് താങ്ങായി ഗൾഫ് രാജ്യങ്ങൾ
ഭൂകമ്പത്തിന് ശേഷം 13 ടണ്ണിന്റെ ഭക്ഷ്യ സഹായമാണ് ഖത്തർ ആദ്യം എത്തിച്ചത്
കാബൂൾ: ഭൂകമ്പത്തെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളുടെ പശ്ചാതലത്തിൽ അഫ്ഗാനിസ്ഥാൻ കൂടുതൽ സഹായവുമായി മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ. യു.എ.ഇ. ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാൻ കൂടുതൽ സഹായവുമായി രംഗത്തെത്തിയത്. കഴിഞ്ഞയാഴ്ചയാണ് അഫ്ഗാനിലെ ഖോസ്റ്റ്, പക്തിക പ്രവിശ്യകളിൽ ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1100ൽ അധികം ആളുകൾ കൊല്ലപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെ യു.എ.ഇയിൽനിന്നും ഖത്തറിൽനിന്നുമുള്ള വിമാനങ്ങൾ അഫ്ഗാനിലെ ഖോസ്റ്റ് എയർപോർട്ടിൽ ഇറങ്ങി. ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് ഭക്ഷ്യ വസ്തുക്കളടക്കമുള്ള സഹായമാണ് ഇരു രാജ്യങ്ങളും എത്തിച്ചത്. ഖത്തറിനും യു.എ.ഇക്കും പുറമെ ഇറാൻ, തുർക്കി, പാക്കിസ്ഥാൻ, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളും അഫ്ഗാൻ സഹായമെത്തിച്ചു. ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വൈദ്യ സഹായമെത്തിക്കുന്നതിൽ യു.എ.ഇ പ്രഥമ പരിഗണന നൽകി. എമിറേറ്റ്‌സ് റെഡ് ക്രസന്റും ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം 30 ടൺ ഭക്ഷ്യസഹായം എത്തിച്ചതായാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അഫ്ഗാന്റെ ചില അവികസിത പ്രദേശങ്ങളിൽ കഴിയുന്ന സാധാരണ ജനങ്ങൾക്ക് ഗൾഫ് രാജ്യങ്ങളുടെ അളവറ്റ സഹായം കൂടുതൽ പ്രയോജനകരമായെന്നാണ് വിലയിരുത്തൽ.
ഉപരോധങ്ങൾക്കിടയിലും നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള അഫ്ഗാന്റെ ശ്രമം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് തന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭൂകമ്പത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി എയർ ബ്രിഡ്ജ് നിർമ്മിക്കാൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് നേരത്ത ഉത്തരവിട്ടിരുന്നു. അഫ്ഗാനിസ്ഥാന്റെ കോൺസൽ ജനറൽ മസൂദ് അസീസി യു.എ.ഇയിലെ അഫ്ഗാൻ പൗരന്മാരോട് സഹായമഭ്യർത്ഥിക്കുകയുമുണ്ടായി. സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സഹോദരങ്ങളെ സാഹായിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായുള്ള യു.എ.ഇയുടെ സഹായത്തിന് അസീസി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യു.എ.ഇ തങ്ങളെ ഉദാരമായി സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളി, ശനി ദിവസങ്ങളിൽ ദുബായിലെ കോൺസുലേറ്റിൽ അഫ്ഗാൻ കോൺസൽ ജനറൽ രണ്ട് പ്രാർത്ഥനാ സംഗമങ്ങളും സംഘടിപ്പിച്ചു.
ഭൂകമ്പത്തിന് ശേഷം 13 ടണ്ണിന്റെ ഭക്ഷ്യ സഹായമാണ് ഖത്തർ ആദ്യം എത്തിച്ചത്. അഫ്ഗാനിസ്ഥാനിലെത്തിയ ഖത്തർ പ്രതിനിധികളെ താലിബാൻ അധികൃതർ അഭിവാദ്യം ചെയ്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന സഹായ വിതരണത്തിനാണ് ഖത്തർ മുൻകയ്യെടുത്തത്. സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നതിനായി ഖത്തർ പ്രതിനിധി സംഘം ഖത്തറിൽ തന്നെ തുടരുകയാണ്. സഹായമെത്തിച്ചതിൽ തുർക്കിയുടെയും സ്ഥാനം മുമ്പന്തിയിലാണ്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും തുർക്കി നേതൃത്വം നൽകണമെന്ന് ഐക്യരാഷ്ട്ര സഭ നിർദേശിച്ചു. തുടർച്ചയായി ഭൂകമ്പങ്ങളെ അതിജീവിച്ച പാരമ്പര്യമുള്ള തുർക്കിക്ക് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കഴിയുമെന്നും യു.എൻ വ്യക്തമാക്കി. ഇരകൾക്ക് സാധ്യമായ ഏത് സഹായവും നൽകാൻ ടർക്കിഷ് റെഡ് ക്രസന്റിനെ അയക്കുമെന്ന് തുർക്കി അറിയിച്ചു.
അഫ്ഗാനിൽ ഭൂകമ്പമുണ്ടായതിന് പിറ്റേന്നു തന്നെ ഏറ്റവും നാശമുണ്ടായ പ്രവിശ്യകളിൽ തുർക്കി അയച്ച രക്ഷാപ്രവർത്തകരെ കാണാൻ സാധിച്ചെന്ന് അധികൃതർ വ്യക്തമാക്കി. ഭൂകമ്പം ഉണ്ടായതിനു പിന്നാലെ ഇറാനും കൂടുതൽ സഹായവുമായെത്തി. മരുന്ന്, ഭക്ഷണം, വസ്ത്രം, ടെന്റുകൾ മറ്റു അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വസ്തുക്കൾ എന്നിവയാണ് ഇറാൻ അഫ്ഗാനിലെത്തിച്ചത്. മറ്റു ഏതാനും രാജ്യങ്ങളെ പോലെ ഇറാനും താലിബാനെ അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ഗവൺമെന്റായി ഇതുവരെ അംഗീകരിച്ചിട്ടില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന മികച്ച ഭരണം അഫ്ഗാനിൽ വരണമെന്ന് ഇറാൻ അടക്കമുള്ള രാജ്യങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.