ഇന്ത്യയിൽ നിന്ന് മസാജ് പഠിച്ചെന്ന് അവകാശവാദം; ലൈംഗികാതിക്രമത്തിന് യുകെയിൽ ഡോക്ടർക്ക് തടവുശിക്ഷ
തടവുശിക്ഷയ്ക്ക് പുറമെ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ 10 വർഷത്തേക്ക് സിമോണിന്റെ പേരുണ്ടാവും
ലണ്ടൻ: ഇന്ത്യയിൽ നിന്ന് മസാജ് പഠിച്ചെന്ന അവകാശവാദവുമായി ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് യുകെയിൽ തടവുശിക്ഷ. ഈസ്റ്റ്‌ബോൺ ജനറൽ ആശുപത്രിയിലെ ജീവനക്കാരനായ 34കാരൻ സിമോൺ എബ്രഹാമിനാണ് ചിചെസ്റ്റർ ക്രൗൺ കോടതി തടവുശിക്ഷ വിധിച്ചത്. രണ്ട് വർഷം ശിക്ഷയനുഭവിക്കണം.
2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വിട്ടുമാറാത്ത തലവേദനയുമായെത്തിയ യുവതിയെ സിമോൺ പരിചയപ്പെടുകയും തലവേദന താൻ മസാജ് ചെയ്ത് മാറ്റാമെന്ന് വാക്കു നൽകുകയും ചെയ്തു. താൻ ഇന്ത്യയിൽ രണ്ടു വർഷം മസാജ് പഠിച്ചിട്ടുണ്ടെന്നാണ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. ശേഷം യുവതിയുടെ വീട്ടിലെത്തിയ സിമോൺ മസാജിനിടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടിൽ വിരുന്നുകാരെത്തിയതിനെ തുടർന്ന് സിമോൺ മടങ്ങിയെങ്കിലും പിന്നീട് ഫോണിൽ വിളിച്ചും ഇയാൾ ശല്യം ചെയ്തതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
യുവതിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ച പ്രതി പക്ഷേ ലൈംഗികാതിക്രമം നടത്തിയ കാര്യം നിഷേധിച്ചു. എന്നാൽ സിമോൺ യുവതിയുടെ ആരോഗ്യസ്ഥിതിയെ ചൂഷണം ചെയ്തുവെന്നും യുവതിയുടെ ആരോഗ്യവിവരങ്ങൾ അനധികൃതമായി കൈക്കലാക്കിയെന്നും സസെക്‌സ് പൊലീസ് ഡിറ്റക്ടീവ് കോൺസ്റ്റബിൾ ജോ ഗ്ലെഡ്ഹിൽ പറഞ്ഞു. തടവുശിക്ഷയ്ക്ക് പുറമെ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ 10 വർഷത്തേക്ക് സിമോണിന്റെ പേരുണ്ടാവും. യുവതിയെ ഫോണിൽ വിളിക്കുന്നതിനോ മറ്റേതെങ്കിലും രീതിയിൽ ബന്ധപ്പെടുന്നതിനോ ഇയാൾക്ക് അഞ്ച് വർഷത്തേക്ക് വിലക്കുമുണ്ട്.