അഭയം നല്‍കിയ കുടുംബത്തിലെ ഗൃഹനാഥനൊപ്പം പത്താം ദിവസം യുക്രൈന്‍ യുവതി ഒളിച്ചോടി

ഐടി കമ്പനിയിലെ ജീവനക്കാരിയാണ് സോഫിയ. സെക്യൂരിറ്റി ഗാര്‍ഡാണ് ടോണി

Update: 2022-05-24 05:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

യുക്രൈന്‍: യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട യുവതിക്ക് അഭയം നല്‍കിയതു മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് കുടുംബം. അഭയം നല്‍കി പത്താം ദിവസം വീട്ടിലെ ഗൃഹനാഥനൊപ്പം യുവതി ഒളിച്ചോടിയതാണ് ഏവരെയും ഞെട്ടിച്ചത്. യുക്രൈന്‍കാരിയ സോഫിയ കര്‍ക്കാഡിമും(22) പെന്‍സില്‍വാനിയയിലെ വെസ്റ്റ് യോര്‍ക്കിലുള്ള ടോണി ഗാര്‍നെറ്റുമാണ്(29) നാടുവിട്ടത്.

ഐടി കമ്പനിയിലെ ജീവനക്കാരിയാണ് സോഫിയ. സെക്യൂരിറ്റി ഗാര്‍ഡാണ് ടോണി. ടോണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. സോഫിയ വീട്ടിലെത്തി പത്താം ദിവസമാണ് ഇവര്‍ വിവാഹിതരാകാനായി വീടുവിട്ട് പോകുന്നത്. യുകെ വിസ ലഭിക്കുന്നതിനായി ആഴ്ചകളോളം ബെര്‍ലിനില്‍ കാത്തിരുന്ന ശേഷം മേയ് നാലിനാണ് സോഫിയ മാഞ്ചസ്റ്ററില്‍ വിമാനമിറങ്ങിയത്. പിന്നീട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടോണിയും അദ്ദേഹത്തിന്‍റെ ഭാര്യ ലോര്‍ണയും സോഫിയയ്ക്ക് അവരുടെ വീട്ടില്‍ അഭയം നല്‍കിയത്. വളരെ പെട്ടെന്ന് തന്നെ ടോണിയും സോഫിയയും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.

ആദ്യകാഴ്ചയില്‍ തന്നെ, ടോണിയെ ഇഷ്ടപ്പെട്ടതായി പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ് നഗരത്തിൽ നിന്ന് പലായനം ചെയ്ത സോഫിയ ദി സണിനോട് പറഞ്ഞു.''എല്ലാം വളരെ പെട്ടെന്നായിരുന്നു, പക്ഷേ ഇത് ഞങ്ങളുടെ പ്രണയകഥയാണ്. ആളുകൾ എന്നെക്കുറിച്ച് മോശമായി ചിന്തിക്കുമെന്ന് എനിക്കറിയാം, പക്ഷേ അത് സംഭവിക്കുന്നു. ടോണി എത്രമാത്രം അസന്തുഷ്ടനാണെന്ന് എനിക്ക് കാണാൻ കഴിഞ്ഞു'' സോഫിയ പറഞ്ഞു.

ഇരുവരും ഒരുമിച്ചാണ് ജിമ്മില്‍ പോകുന്നതെന്നും കാര്‍ പാര്‍ക്കിംഗില്‍ മണിക്കൂറുകളോളം സംസാരിച്ചു നില്‍ക്കാറുണ്ടെന്നും ടോണിയുടെ ആദ്യഭാര്യ ലോര്‍ണ പറഞ്ഞു. ഇരുവരും തമ്മിലുള്ള അടുപ്പം കണ്ട ലോര്‍ണ സോഫിയയോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താനും സോഫിയക്കൊപ്പം പോവുകയാണെന്ന് ടോണി പറഞ്ഞതോടെ ലോര്‍ണ ഞെട്ടിപ്പോയി. ഇപ്പോള്‍ ടോണിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇരുവരും താമിക്കുന്നത്. പുതിയൊരു താമസസ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടോണിയും സോഫിയയും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News