യുക്രൈൻ പ്രതിസന്ധി; യുദ്ധത്തോടുള്ള ആസക്തിയെ അപലപിച്ച് മാർപാപ്പ
'ശാസ്ത്രത്തിലും ചിന്തയിലും മനോഹരമായ പല കാര്യങ്ങളിലും മുന്നിലാണെന്ന് അഭിമാനിക്കുന്ന മനുഷ്യൻ സമാധാനം നെയ്തെടുക്കുന്നതിൽ പിന്നിലാണ്, മാർപാപ്പ പറഞ്ഞു
യുക്രൈനിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പോപ് ഫ്രാൻസിസ് മാർപാപ. യുക്രൈനിലെ സംഭവവികാസങ്ങൾ അതിധാരുണമാണെന്ന് പറഞ്ഞ മാർപാപ്പ മനുഷ്യരാശിയുടെ യുദ്ധത്തോടുള്ള ആസക്തിയെ ശക്തമായി അപലപിക്കുയും ചെയ്തു.
'ശാസ്ത്രത്തിലും ചിന്തയിലും മനോഹരമായ പല കാര്യങ്ങളിലും മുന്നിലാണെന്ന് അഭിമാനിക്കുന്ന മനുഷ്യൻ സമാധാനം നെയ്തെടുക്കുന്നതിൽ പിന്നിലാണ്. യുദ്ധം ചെയ്യുന്നതിലാകട്ടെ അവർ മുൻപന്തിയിലുമാണ്.' മാർപാപ്പ പറഞ്ഞു. യുദ്ധത്തിന്റെ ഭീകരത പാവപ്പെട്ടവരുടെയും നിരപരാധികളുടെയും ഹൃദയത്തെ മരവിപ്പിക്കുന്നതാണെന്നും മനുഷ്യരാശി ഇപ്പോഴും ഇരുട്ടിൽ തപ്പിത്തടയുകയാണെന്നും മാർപാപ കൂട്ടിച്ചേർത്തു.
അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ആഴ്ച്ചകൾക്കുള്ളിൽ യുക്രൈൻ ആക്രമിക്കാൻ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ആക്രമണം അടുത്ത ആഴ്ചയോ അല്ലെങ്കിൽ വരും ദിവസങ്ങളിലോ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചെന്ന റഷ്യയുടെ വാദത്തെ നാറ്റോ സഖ്യവും അമേരിക്കയും നേരത്തെ തള്ളിയിരുന്നു. പലയിടങ്ങളിലും റഷ്യ സൈനികരുടെ എണ്ണം കൂട്ടുകയാണെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. എന്നാൽ റഷ്യയുടെ സൈനിക പിന്മാറ്റം ചെറിയ തോതിൽ വിശ്വസിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ക്രിമിയയിൽ നിന്ന് സൈനികർ പിന്മാറുന്ന ദൃശ്യങ്ങളടക്കം പങ്കുവെച്ചാണ് റഷ്യ യുക്രൈൻ അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റം പ്രഖ്യാപിച്ചത്. യുക്രെയിനിന്റെ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചതായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.