അമേരിക്കൻ മിസൈലുകൾ പ്രയോഗിച്ച് യുക്രൈൻ; വെടിവെച്ച് തകർത്തെന്ന് റഷ്യ
ആണവനയം തിരുത്തി റഷ്യ
മോസ്‌കോ: ആറ് അമേരിക്കൻ നിർമിത മിസൈലുകൾ യുക്രൈൻ റഷ്യക്ക് നേരെ പ്രയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. യുക്രൈന് അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കാൻ അനുമതി നൽകിയതിന് ഒരു ദിവസത്തിന് ശേഷമാണ് യുക്രൈന്റെ ആക്രമണം.
എടിഎസിഎംഎസ് എന്ന് പേരുള്ള അഞ്ച് മിസൈലുകളെ റഷ്യന് സൈന്യം വെടിവെച്ച് വീഴ്ത്തിയതായും മറ്റൊന്നിനെ നശിപ്പിച്ചതായും മന്ത്രാലയം പറഞ്ഞു.
തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സൈനിക കേന്ദ്രത്തിൽ തകർന്നുവീണെന്നും കേന്ദ്രത്തിൽ തീപിടിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ആളപായമില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ബ്രയാൻസ്‌കിലെ റഷ്യയുടെ ആയുധശേഖര കേന്ദ്രത്തിൽ ഒരു മിസൈൽ പതിച്ചെന്നും പ്രദേശത്ത് നിന്ന് സ്‌ഫോടനശബ്ദം കേട്ടെന്നും യുക്രൈന് അവകാശപ്പെട്ടു. എന്നാൽ ഉപയോഗിച്ചത് അമേരിക്കൻ നിർമിത മിസൈലുകളാണോ എന്ന് യുക്രൈൻ വെളിപ്പെടുത്തിയില്ല. മിസൈലുകൾ യുഎസ് നിർമിത മിസൈലുകൾ തന്നെയാണെന്നാണ് റഷ്യയുടെ വാദം.
എന്നാൽ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയിരുന്നു. ഒരു ആണവശക്തിയുടെ പിന്തുണയോടെയുള്ള ഇതര രാജ്യത്തിന്റെ ആക്രമണം റഷ്യക്കെതിരായ സംയുക്ത ആക്രമണമായി കണക്കാക്കുമെന്നും അണ്വായുധം പ്രയോഗിക്കാൻ രാജ്യം നിർബന്ധിതമാവുമെന്നും പുതിയ നയത്തിലുണ്ട്. യുഎസ് യുദ്ധത്തിനിറങ്ങിയാൽ മൂന്നാം ലോകമഹായുദ്ധമെന്നും റഷ്യയുടെ മുന്നറിയിപ്പുണ്ട്.
റഷ്യക്കുള്ളിൽ യുഎസിന്റെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈന് കഴിഞ്ഞദിവസമാണ് അമേരിക്ക അനുമതി നൽകിയത്. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയത്. വരും ദിവസങ്ങളിൽ റഷ്യയ്‌ക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ പച്ചക്കൊടി. നിലവിൽ റഷ്യക്കുള്ളിൽ യുക്രൈൻ നടത്തുന്ന ആക്രമണങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചാണ്. കാസ് മേഖല ഉത്തരകൊറിയയുടെ സൈനികരെ ഉപയോഗിച്ച് പിടിച്ചെടുക്കാനാണ് റഷ്യൻ തീരുമാനം. യുദ്ധത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ളതായിരിക്കും അമേരിക്കൻ നയം.തന്റെ പ്രസിഡൻസി കാലാവധി തീരുന്ന അവസരത്തിൽ ബൈഡന്റെ തീരുമാനത്തെ ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.