റഷ്യ പിടിച്ചെടുത്ത പ്രധാന ന​ഗരങ്ങൾ തിരിച്ചുപിടിച്ച് യുക്രൈൻ; പിന്തിരിഞ്ഞോടി അധിനിവേശ സൈനികർ

പലയിടങ്ങളിലും പടക്കോപ്പുകളും മറ്റു യുദ്ധസംവിധാനങ്ങളും ഉപേക്ഷിച്ചാണ് റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റം.

Update: 2022-09-11 10:49 GMT
Advertising

കീവ്: റഷ്യ പിടിച്ചടക്കിയ തന്ത്രപ്രധാന മേഖലകളിൽ യുക്രൈന്റെ അപ്രതീക്ഷിത മുന്നേറ്റം. ഖാർഖിവ് പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ യുക്രൈൻ തിരിച്ചുപിടിച്ചു. തിരിച്ചടി നേരിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.

ശനിയാഴ്ചയോടെ ഖാർഖീവിലെ റഷ്യയുടെ സുപ്രധാന സൈനിക ഹബ്ബായ കുപ്പിയാൻസ്‌ക് പിടിച്ചെടുത്തതായി യുക്രൈൻ സൈന്യം അറിയിച്ചു. ഈ മാസം ഇതുവരെ റഷ്യയിൽ നിന്ന് 2000 ചതുരശ്ര കിലോമീറ്റർ ‌യുക്രൈൻ ഭൂമി മോചിപ്പിച്ചെന്ന് വീഡിയോ സന്ദേശത്തിൽ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയും പറഞ്ഞു.

ഖാർഖീവ് മേഖലയിലെ യുക്രൈൻ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ അപ്രതീക്ഷിതമായി റഷ്യൻ സൈന്യം പിന്തിരിഞ്ഞോടിയെന്നാണ് റിപ്പോർട്ടുകൾ. ഇവിടങ്ങളിൽ യുക്രൈൻ സൈനികർ പതാക നാട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പലയിടങ്ങളിലും പടക്കോപ്പുകളും മറ്റു യുദ്ധസംവിധാനങ്ങളും ഉപേക്ഷിച്ചാണ് റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റം. ഈ ആയുധങ്ങൾ പിടിച്ചെടുത്ത് റഷ്യക്ക് നേരെ തന്നെ പ്രയോഗിക്കുകയാണ് നിലവിൽ യുക്രൈൻ സൈനികർ.

ആൾനാശമൊഴിവാക്കാൻ ഖാർഖീവിലെ ബാലാക്ലിയ, ഇസിയം എന്നിവിടങ്ങളിൽ നിന്ന് തങ്ങളുടെ സൈന്യത്തോട് പിൻവാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. സേനയെ പുനഃസംഘടിപ്പിച്ച് കൂടുതൽ ശക്തിയോടെ തിരിച്ചടിക്കാനാണ് ഈ പിന്മടക്കമെന്നാണ് റഷ്യയുടെ നിലപാട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News