'യുക്രൈൻ വിഘടന വാദികളുമായി ബന്ധം സ്ഥാപിച്ചേക്കും': റഷ്യ
കിഴക്കൻ യുക്രൈനിലെ അസോവ് കടൽ തീരത്തെ പ്രധാന മേഖലയിൽ റഷ്യൻ സൈന്യവും മോസ്‌കോ അനുകൂല വിമതരും ബന്ധമുള്ളതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു
യുക്രൈൻ വിഘടനവാദികളുമായി ബന്ധം സ്ഥാപിച്ചേക്കുമെന്ന് റഷ്യ. യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പരാമർശം. അതേസമയം കിഴക്കൻ യുക്രൈനിലെ അസോവ് കടൽ തീരത്തെ പ്രധാന മേഖലയിൽ റഷ്യൻ സൈന്യവും മോസ്‌കോ അനുകൂല വിമതരും ബന്ധമുള്ളതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
'റഷ്യൻ ഫെഡറേഷന്റെ സായുധ സേനയുടെ സൈനിക യൂണിറ്റുകളിൽ വിമതർ ചേർന്ന് അസോവ് കടലിന്റെ തീരത്തുള്ള യുക്രൈനിന്റെ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ ആക്രമണത്തെ തുടർന്ന് കടുത്ത നയതന്ത്രപരമായ പ്രതിസന്ധി നേരിടുകയാണ് യുക്രൈൻ. യൂറോപ്യൻ യൂണിയൻ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കാൻ സെലൻസ്‌കി യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. യൂറോപ്യൻ പാർലമെന്റിനെ ഓൺലൈനായി അഭിസംബോധന ചെയ്യവെയാണ് സെലെൻസ്‌കിയുടെ പരാമർശം.
'നിങ്ങളില്ലാതെ യുക്രൈൻ തനിച്ചാകും, ഞങ്ങളുടെ ശക്തി ഞങ്ങൾ തെളിയിച്ചു, ഞങ്ങൾ നിങ്ങളെപ്പോലെ തന്നെയാണെന്നും ഞങ്ങൾ തെളിയിച്ചു. അതിനാൽ നിങ്ങൾ ഞങ്ങളുടെ കൂടെയാണെന്ന് തെളിയിക്കുക, യുക്രൈനിൽ റഷ്യൻ ആക്രമണം അനുവദിക്കില്ലെന്ന് നിങ്ങൾ വ്യക്തമാക്കുക, നമുക്ക് ഒരുമിച്ച് പോകാം,' സെലെൻസ്‌കി വിശദമാക്കി. യുക്രൈനിനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്നും പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി കൂട്ടിച്ചേർത്തു. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുംമെന്നും സെലൻസ്‌കി പറഞ്ഞു.