യുക്രൈനിൽനിന്നുള്ള അഭയാർത്ഥികളെ സംരക്ഷിക്കും; മൂന്ന് വർഷം തങ്ങൾക്കൊപ്പം കഴിയാമെന്ന് ബ്രിട്ടൻ
പുതിയ പദ്ധതിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷമായ ലേബർ പാർട്ടി
യുക്രൈൻ അഭയാർത്ഥികളെ സംരക്ഷിക്കാനുള്ള പുതിയ പദ്ധതിയുമായി ബ്രിട്ടൻ. 'ഹോംസ് ഫോർ' യുക്രൈൻ എന്ന പേരിലാണ് പുതിയ പദ്ധതി ആവഷ്‌കരിക്കുന്നത്. ഇതു പ്രകാരം യുക്രൈൻ പൗരന്മാർക്ക് മൂന്ന് വർഷം വരെ ബ്രിട്ടനിൽ തുടരാം. റഷ്യൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നിരവധിയാളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തത്.
പതിനായിരത്തിൽപരം ആളുകൾക്ക് ബ്രിട്ടൻ തൊഴിൽ വാഗ്ദാനം നൽകുന്നുണ്ട്. കൂടാതെ അഭയാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി മൈക്കൽ ഗോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭയാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആതിഥേയർക്ക് പ്രതിമാസം 350 പൗണ്ട് ($457, 418 യൂറോ) നൽകാനും തീരുമാനമായി. ചുരുങ്ങിയത് ആറ് മാസത്തെ താമസത്തിന് യുക്രൈനികൾ പ്രതിജ്ഞാബദ്ധരാകണമെന്ന നിബന്ധനയുമുണ്ട്. അതേസമയം യുക്രൈനിൽ നിന്നും വരുന്നവരുടെ സ്‌പോൺസർഷിപ്പ് ബ്രിട്ടീഷ് പൗരന്മാർക്ക് ഏറ്റെടുക്കാം. ബ്രിട്ടീഷുകാർക്ക് സ്‌പോൺസർമാരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് തിങ്കളാഴ്ച ആരംഭിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ യുക്രൈനിൽ നിന്നുള്ള ആദ്യ സംഘത്തെ വരവേൽക്കുമെന്നും കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. പ്രതിപക്ഷമായ ലേബർ പാർട്ടി പുതിയ പദ്ധതിയെ സ്വാഗതം ചെയ്തു.