'ഈ യുദ്ധം അവസാനിപ്പിക്കൂ': ലോകമനസാക്ഷിയെ ഉലച്ച ആ മുഖം ഇതാ ഇവിടെയുണ്ട്

'അർത്ഥശൂന്യമായ യുദ്ധമാണിത്. ഈ യുദ്ധം ആർക്കും സന്തോഷം നൽകില്ല'

Update: 2022-02-27 08:44 GMT
Advertising

യുക്രൈനില്‍ റഷ്യ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ ലോക മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു ചിത്രമുണ്ട്. ചോരയൊലിച്ച തലയിൽ ബാന്‍ഡേജുകള്‍ പൊതിഞ്ഞ നിലയില്‍ ഒരു സ്ത്രീ. ലോക മനസാക്ഷിയെ ഞെട്ടിച്ച ആ ചിത്രത്തിലുള്ളത് ഖാർകിവ് പ്രവിശ്യയിലെ സ്കൂൾ അധ്യാപിക ഒലേന കുറിലോയാണ്

യുക്രൈന്‍റെ വേദനയുടെ ആഴം ലോകത്തോട് വിളിച്ചുപറഞ്ഞ ചിത്രമായിരുന്നു അത്. 52കാരിയായ ഒലീന കുറിലോയുടെ രക്തത്തിൽ കുതിർന്ന മുഖം യുക്രൈന്‍റെ ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമായി. റഷ്യന്‍ സേനയുടെ മിസൈല്‍ ആക്രമണത്തിലാണ് ഒലീനയ്ക്ക് പരിക്കേറ്റത്. റഷ്യ യുദ്ധം തുടങ്ങി ആദ്യ ദിവസമാണ് ഒലേനയുടെ വീട് സ്ഥിതി ചെയ്യുന്ന ചുഗേവ് മേഖല ആക്രമിച്ചത്.

വീട് തകര്‍ന്നുവെങ്കിലും മുറിവുകളോടെ അവർ ആ ആക്രമണത്തെ അതിജീവിച്ചു. ആഗോള തലത്തില്‍ മാധ്യമങ്ങളില്‍ അവര്‍ യുദ്ധ ദുരിതത്തിന്‍റെ ആഴം വ്യക്തമാക്കുന്ന ചിത്രമായി മാറി. റഷ്യൻ മിസൈൽ ആക്രമണത്തെ അതിജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു കുറിലോയുടെ പ്രതികരണം.

റഷ്യൻ മിസൈൽ തകർത്ത വീടിനു മുന്നിൽ നിന്നുകൊണ്ട് കുറിലോ പറഞ്ഞു- "ആരെയും ദ്രോഹിക്കാൻ യുക്രൈന്‍ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം ലോകമെമ്പാടും എത്തിക്കൂ. യുക്രൈന്‍ സൌഹാര്‍ദം നിറഞ്ഞ രാജ്യമാണ്. യുദ്ധമുണ്ടായാല്‍ നമ്മുടെ അമ്മമാർക്ക് അവരുടെ കുട്ടികളെ നഷ്ടപ്പെടും. പ്രായമായവരും കുട്ടികളും മരിക്കും. റഷ്യയിലെ എല്ലാ അമ്മമാരോടും കുട്ടികളെ യുദ്ധത്തിന് പോകാൻ അനുവദിക്കരുതെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഇത് അർത്ഥശൂന്യമായ യുദ്ധമാണ്. ഇത് ആർക്കും സന്തോഷം നൽകില്ല, ആരെയും സമ്പന്നനാക്കില്ല. ഞങ്ങൾക്ക് സമാധാനം വേണം. യുദ്ധം സങ്കടമാണ്. എനിക്ക് കഴിയുന്നത്രയും ഞാൻ യുക്രൈനിനായി ചെയ്യും. ഞാൻ എപ്പോഴും എന്റെ മാതൃരാജ്യത്തിന്റെ പക്ഷത്തായിരിക്കും" 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News