ഗസ്സയിലെ ആശുപത്രികളിലെ ഇന്ധനം തീരുന്നു; ജനറേറ്ററുകൾ നിലച്ചാൽ വൻ ദുരന്തമെന്ന് യു.എന്‍

ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ശുദ്ധജലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കുറഞ്ഞുവരികയാണ്

Update: 2023-10-16 05:20 GMT
Editor : Jaisy Thomas | By : Web Desk

united nations

Advertising

ജനീവ: ഗസ്സയിലെ ആശുപത്രികളിലെ ഇന്ധനം തീരുന്നുവെന്ന് യുഎൻ മുന്നറിയിപ്പ്. ജനറേറ്ററുകൾക്ക് 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ല. ജനറേറ്ററുകൾ നിലച്ചാൽ വൻ ദുരന്തമാണുണ്ടാവുകയെന്നും യുഎൻ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് പറഞ്ഞ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഗസ്സ പൂർണമായും അധിനിവേശം നടത്തുകയാണെങ്കിൽ അത് വൻ അബദ്ധമാകുമെന്ന് പറഞ്ഞു.

ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തുകയും വാഹനങ്ങൾ ഈജിപ്തുമായുള്ള തെക്കൻ അതിർത്തിയിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തതിനെത്തുടർന്ന് ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ വിതരണം അപകടകരമാംവിധം കുറഞ്ഞുവരികയാണ്. തങ്ങളുടെ ഷെൽട്ടറുകളിൽ ഇനി വെള്ളം നൽകാൻ കഴിയില്ലെന്ന് യുഎൻ മുന്നറിയിപ്പ് നൽകി: 'ഗസ്സയെ കഴുത്തു ഞെരിച്ച് കൊല്ലുന്നു... ഗസ്സയിൽ ജീവൻ ഇല്ലാതാകുന്നു.' യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ശുദ്ധജലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കുറഞ്ഞുവരികയാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ യുഎന്നും മറ്റ് മാനുഷിക ഏജൻസികളും സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആസന്നമായ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഗസ്സ മുനമ്പിലെ സ്ഥിതിഗതികൾ അതിവേഗം വഷളായതിനാൽ ഇരുവശത്തും ആയിരങ്ങൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു.ഉപാധികളില്ലാതെ ബന്ദികളെ ഉടൻ ഹമാസ് മോചിപ്പിക്കണമെന്നും ഗസ്സയിലെ സാധാരണക്കാർക്ക് മാനുഷിക സഹായത്തിനായി ഇസ്രായേൽ വേഗത്തിലും തടസ്സമില്ലാതെയും പ്രവേശനം നൽകണമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു. “ഞങ്ങളുടെ നിസ്വാർഥ ജീവനക്കാർക്കും എൻ‌ജി‌ഒ പങ്കാളികൾക്കും സാധനങ്ങൾ ഗസയിലേക്കും ഉടനീളവും സുരക്ഷിതമായി എത്തിക്കാൻ കഴിയണം,” ഗുട്ടെറസ് പറഞ്ഞു.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ വ്യോമാക്രമണത്തിൽ 700 കുട്ടികളെങ്കിലും ഉൾപ്പെടെ 2,670 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 9,000-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും 1,000-ത്തോളം പേർ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയോ കാണാതാവാകുയോ ചെയ്തിട്ടുണ്ടാകാമെന്നാണ് സംശയം. തങ്ങൾ പ്രതിസന്ധി ഘട്ടത്തിലാണെന്നും ഗുരുതരമായി രോഗികളെയും പരിക്കേറ്റവരെയും മാറ്റാൻ ശ്രമിക്കുന്നത് 'വധശിക്ഷയ്ക്ക്' തുല്യമാണെന്നും ആശുപത്രികൾ വ്യക്തമാക്കുന്നു. ഗസ്സയിലേക്ക് സഹായവും മറ്റ് വസ്തുക്കളും എത്തിക്കാന്‍ അനുവദിച്ചില്ലെങ്കിൽ ഇനിയും നിരവധി പേർ മരിക്കുമെന്ന് മാനുഷിക ഏജൻസികൾ മുന്നറിയിപ്പ് നൽകി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News