ഗസ്സയിൽ ആശുപത്രികൾക്ക് നേരെ നിലക്കാത്ത ആക്രമണം; അൽ ശിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടമായെന്ന് യു.എൻ
ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ ഇൻക്യുബേറ്ററിൽ കഴിഞ്ഞ രണ്ട് നവജാത ശിശുക്കൾ മരിച്ചു.
ഗസ്സസിറ്റി: വടക്കൻ ഗസ്സയിലെ ആശുപത്രികൾ വളഞ്ഞ് ആക്രമണം ശക്തമാക്കി ഇസ്രായേൽ സേന. അൽ ശിഫ ആശുപത്രിയുമായുള്ള ബന്ധം നഷ്ടമായെന്ന് യു.എൻ അറിയിച്ചു. ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ ഇൻക്യുബേറ്ററിൽ കഴിഞ്ഞ രണ്ട് നവജാത ശിശുക്കൾ മരിച്ചു.
അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗവും തകർന്നു. പലയിടത്തായി മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. ഖബറടക്കാനായി ആശുപത്രിക്കകത്ത് തന്നെ കൂട്ടക്കുഴിമാടം ഒരുക്കുകയാണ് അധികൃതർ. 45 നവജാത ശിശുക്കളാണ് അൽ ശിഫയിലുള്ളത്. രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു.
കുട്ടികളെ സുരക്ഷിതമായ ആശുപത്രിയിലേക്ക് മാറ്റാൻ സംവിധാനമില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ ഖുദ്സ് ആശുപത്രിയുടെ പ്രവർത്തനവും നിലച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. അൽ അഹ്ലി ആശുപത്രിയിൽ രക്തം തീർന്നതായി ഡോക്ടർമാർ അറിയിച്ചു. രക്തം ലഭിക്കാതെ രോഗികൾ മരിച്ചു വീഴുകയാണ്.
അതേസമയം മധ്യ ഗസ്സയിലും തെക്കൻ ഗസ്സയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്യാൻ സലാഹുദ്ദീൻ ഹൈവേയിലാണ് ഇസ്രായേൽ ആക്രമണത്തിന് ഇടവേള പ്രഖ്യാപിച്ചത്. ജബാലിയയിലും നാല് മണിക്കൂർ ഇടവേള ഉണ്ടാവുമെന്ന് ഇസ്രായേൽ അറിയിച്ചു. എന്നാൽ സലാഹുദ്ദീൻ ഹൈവേയിലേക്ക് എത്തുന്ന വഴികളിലെല്ലാം ആക്രമണം തുടരുകയാണ്.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ താമസസമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ലബനനിൽ നിന്നുണ്ടായ മിസൈലാക്രമണത്തിൽ ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റതായി ഇസ്രായേൽ സേന അറിയിച്ചു.