യുദ്ധം നിർത്താമെന്ന് കിം ജോംഗ് ഉന്നിന്റെ സഹോദരിയുടെ പ്രസംഗം; മൂന്നു നാളിന് ശേഷം മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ
ഈ മാസം മൂന്നാമത്തെ പരീക്ഷണമാണിത്. സ്ട്രാറ്റജിക് ക്രൂയിസ് മിസൈലും റെയിൽവേ ഉപയോഗിപ്പെടുത്തി വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു
ദക്ഷിണ കൊറിയയുമായി ചർച്ച നടത്തി യുദ്ധത്തിന് ഔദ്യോഗിക അന്ത്യം വരുത്താമെന്ന് കിം ജോംഗ് ഉന്നിന്റെ സഹോദരി പ്രസംഗിച്ച് മൂന്നു ദിവസത്തിന് ശേഷം വീണ്ടും ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചെന്ന് ആരോപണം.
ബാലിസ്റ്റിക് മിസൈലെന്ന് സംശയിക്കുന്ന പരീക്ഷണം ഉത്തര കൊറിയ നടത്തിയെന്ന് ജപ്പാൻ, ദക്ഷിണ കൊറിയ അധികൃതരാണ് പറഞ്ഞത്. ബാലസ്റ്റിക് മിസൈലെന്ന് ജപ്പാനും ആയുധമാണെന്ന് ദക്ഷിണ കൊറിയയും വിശേഷിപ്പിച്ച പരീക്ഷണം ചൊവ്വാഴ്ച രാവിലെയാണ് നടന്നത്. ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചതെങ്കിൽ അത് യു.എൻ നിയമങ്ങളുടെ ലംഘനമാണ്.
ഉത്തരകൊറിയയുടെ കിഴക്കൻ തീരത്ത് ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 6.40 നാണ് പ്രൊജക്‌ടൈൽ പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിൻറ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
ഈ മാസം മൂന്നാമത്തെ പരീക്ഷണമാണിത്. സ്ട്രാറ്റജിക് ക്രൂയിസ് മിസൈലും റെയിൽവേ ഉപയോഗിപ്പെടുത്തി വിക്ഷേപിക്കാവുന്ന രണ്ട് ബാലസ്റ്റിക് മിസൈലും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു.
2019 ൽ ട്രംപ് ഭരണകൂടവുമായി നടത്തിയ അനുരജ്ഞന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ പുനരാരംഭിച്ചത്.
തങ്ങൾക്കെതിരെ ശത്രുത പുലർത്തുന്നവരുള്ളതിനാൽ കൊറിയക്ക് പരീക്ഷണം നടത്താനും പ്രതിരോധ സംവിധാനം ഉണ്ടാക്കാനും അവകാശമുണ്ടെന്ന് യു.എന്നിലെ ഉത്തര കൊറിയൻ പ്രതിനിധി കിം സോംഗ് പറഞ്ഞു. ദക്ഷിണ കൊറിയയിൽ 30,000 പേരടങ്ങുന്ന യു.എസ് സൈന്യമുണ്ടെന്നും കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ ഔദ്യോഗിക ഉടമ്പടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരുകൊറിയകളും തമ്മിലുള്ള വർഷങ്ങൾ നീണ്ട യുദ്ധം അവസാനിക്കണമെന്ന് അമേരിക്കക്ക് ആഗ്രഹമുണ്ടെങ്കിൽ ദക്ഷിണ കൊറിയയിൽ അവർ നടത്തുന്ന സംയുക്തസൈനിക അഭ്യാസം നിർത്തണമെന്നും സൈനിക സാന്നിധ്യം എന്നന്നേക്കുമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആണവായുധ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്താലുള്ള ഉപരോധം നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഒറ്റപ്പെട്ട് കിടക്കുന്ന ഉത്തര കൊറിയയോട് പ്രത്യേക വെറുപ്പില്ലെന്നും ആണവ നിരായുധീകരണ ചർച്ചകളിലേക്ക് നീങ്ങാമെന്നുമാണ് യു.എസ് പറയുന്നത്.
1950 ൽ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിച്ചിരുന്നു. മൂന്നു വർഷത്തിന് ശേഷം പിന്മാറിയെങ്കിലും ഇരു രാജ്യങ്ങളും ഇപ്പോഴും സംഘർഷാവസ്ഥയിലാണ്.