‘തൂക്കുമരത്തിലേറ്റിയാലും ശരീരം ചിന്നിച്ചിതറിച്ചാലും ഫലസ്തീനെ അടിയറവെക്കില്ല’ ഇസ്മായിൽ ഹനിയ്യയെന്ന കീഴടങ്ങാത്ത പോരാളി
ഇസ്രായേൽ വെടിയുണ്ടകൾ തനിക്ക് പിന്നിലുണ്ടെന്നറിഞ്ഞിട്ടും ഭയരഹിതമായാണ് ഹനിയ്യ ലോകത്തിന് മുന്നിൽ നിന്നത്
ഗസ: ‘ഞങ്ങളുടെ ചെറുത്തുനിൽപ്പിനെ ആര്‍ക്കും തകര്‍ക്കാനാവില്ല. തൂക്കുമരത്തിലേറ്റിയാലും നടുറോഡുകളില്‍ വെച്ച് ഞങ്ങളെ തകർത്തുകളഞ്ഞാലും ശരീരം ചിന്നിച്ചിതറിച്ചാലും ഫലസ്തീനിന്റെയും ഖുദ്സിന്റെയും അവകാശങ്ങള്‍ ഞങ്ങൾ ആര്‍ക്കും അടിയറവെക്കില്ല.’ഇതായിരുന്നു ഇസ്മായിൽ ഹനിയ്യ എന്ന ഹമാസ് നേതാവിന്റെ നിലപാട്. വർഷങ്ങൾക്ക് മുമ്പ് ടി.വി ചാനലിലായിരുന്നു നിലപാട് ആവർത്തിച്ചത്.
തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ഇറാൻ സൈന്യം അറിയിച്ചത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഫലസ്തീൻ മണ്ണിൽ അധിനിവേശം നടത്തുകയും പ്രതിരോധിക്കുന്ന കുട്ടികളെയും സ്ത്രീകളെയും കൊന്നുകളയുന്ന ഇസ്രായേലിനോട് ഒരിക്കലും വിട്ടുവീഴ്ച കാണിച്ചിരുന്നില്ല ഹനിയ്യ. അതുകൊണ്ട് തന്നെ നിരവധി തവണയാണ് ഹനിയ്യക്കെതിരെ വധശ്രമം ഉണ്ടായത്. ഈ മണ്ണിൽ നിന്ന് ഇസ്രായേലിനെ പുറത്താക്കും, ഫലസ്തീനികൾ സ്വാതന്ത്ര്യം നേടും എന്നതായിരുന്നു ഇസ്മായിൽ ഹനിയ്യയുടെ പ്രഖ്യാപനം. സ്വന്തം മണ്ണിൽ ഫലസ്തീനികൾ സുരക്ഷിതമായി ജീവിക്കുന്ന കാലം വരുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞ നേതാവ്. ഇസ്മായിൽ ഹനിയ്യയുടെ ഉറച്ച നിലപാടും ഹമാസിന്റെ പോരാട്ടത്തിനും മുന്നിൽ പലകുറി ഇസ്രായേൽ പ്രതിരോധത്തിലായിരുന്നു.
ലോകരാഷ്ട്രങ്ങളുടെ പിന്തുണയുണ്ടായിട്ടും ഹമാസിന്റെ നയതന്ത്ര ഇടപെടലുകളും പ്രതിരോധങ്ങളും ഇസ്രായേലിന് ചില്ലറ തലവേദനയല്ലായിരുന്നു ഉണ്ടാക്കിയത്. ഹമാസിനെ ഇല്ലാതാക്കിയാൽ മാത്രമെ ഗസയടക്കമുള്ള ഫലസ്തീൻ മണ്ണിൽ വേരുറപ്പിക്കാനാവു എന്ന് ഇസ്രായേലിന് അറിയാം. അതുകൊണ്ട് തന്നെ ഹമാസിന്റെ നേതാക്കളെ ഇസ്രായേൽ കൊല്ലുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഏപ്രിലിലാണ് ഹനിയ്യയുടെ മക്കളെയും ചെറുമക്കളെയും ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. അന്ന് ഹനിയ്യ പ്രതികരിച്ചത്, ഇതുകൊണ്ടൊന്നും ഞങ്ങളെ തളർത്താനാവില്ലെന്നായിരുന്നു.
ഇസ്രായേൽ വെടിയുണ്ടകൾ തനിക്ക് പിന്നിലുണ്ടെന്നറിഞ്ഞിട്ടും ഒരു ഭയവുമില്ലാതെയാണ് ഹനിയ്യ ലോകത്തിന് മുന്നിൽ നിന്നത്. ഹമാസിന്റെ മുൻനിര നേതാക്കളെയെല്ലാം ഇസ്രായേൽ കൊന്നുകളഞ്ഞിരുന്നു. ആ ചരിത്രം ആവർത്തിക്കുമെന്നുറപ്പ് മറ്റാരെക്കാളും ഇസ്മായിൽ ഹനിയ്യക്കുണ്ടായിരുന്നു. യഹ്‌യ അയ്യാശ്, ശൈഖ് സലാഹ് ശഹാദ, ശൈഖ് അഹ്മദ് യാസീൻ, അബ്ദുൽ അസീസ് റൻതീസി, നബിൽ അബൂസൽമിയ, ഹമാസ് രാഷ്ട്രീയവിഭാഗം ഉപാധ്യക്ഷൻ സാലിഹ് അൽ ആറൂരി എന്നിവരാണിതിന് മുമ്പ് രക്ഷസാക്ഷിത്വം പ്രമുഖർ.
ഗസ്സ മുനമ്പിലെ അൽ ഷാതി അഭയാർഥി ക്യാമ്പിൽ 1962 ജനുവരിയിലാണ് ഹനിയ്യ ജനിച്ചത്. 1948ൽ ഇസ്രായേലെന്ന അധിനിവേശ രാജ്യം രൂപീകൃതമായപ്പോൾ അസ്ഖലാൻ നഗരത്തിൽനിന്ന് പലായനം ചെയ്തവരാണ് ഹനിയ്യയുടെ മാതാപിതാക്കൾ. ഗസ്സയിലെ അൽ അസ്ഹർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഹനിയ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഗസ്സയിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് അറബിക് സാഹിത്യത്തിൽ ഡിഗ്രി കരസ്ഥമാക്കി. യൂനിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഹനിയ്യ വിപ്ലവ പാതയിലേക്ക് ചുവടുവെക്കുന്നത്. 1983ൽ ഹമാസിന്റെ ആദ്യ രൂപമായ ഇസ്‍ലാമിക് സ്റ്റുഡന്റ് ബ്ലോക്കിൽ അംഗമായി.
1987ൽ ഹനിയ്യ ഡിഗ്രി പഠിച്ചിറങ്ങുന്ന സമയത്ത് തന്നെയാണ് ഇസ്രായേൽ അധിനിവേശത്തിനെതിരെ ആദ്യ ജനകീയ പ്രക്ഷോഭമായ ഒന്നാം ഇൻതിഫാദ ആരംഭിക്കുന്നത്. ഇതോടൊപ്പം ഹമാസെന്ന സംഘടനയും രൂപീകൃതമായി. പ്രക്ഷോഭത്തിൽ പങ്കാളിയായതിന് ഇസ്രായേൽ സർക്കാർ 18 ദിവസത്തേക്ക് ഹനിയ്യയെ ജയിലിലടച്ചു. 1988ൽ വീണ്ടും ആറ് മാസം ജയിലിലായി. ഹമാസിന്റെ ഭാഗമാണെന്ന് അറിഞ്ഞതോടെ 1989ൽ മൂന്ന് വർഷത്തേക്കാണ് അധിനിവേശ ഭരണകൂടം ഹനിയ്യയെ ഇരുമ്പഴിക്കുള്ളിലാക്കിയത്.
ജയിൽമോചിതനായ ശേഷം ഹമാസിന്റെ നേതാക്കളോടൊപ്പം അദ്ദേഹത്തെ ദക്ഷിണ ലെബനാനിലേക്ക് ഇസ്രായേൽ നാടുകടത്തി. പിന്നീടുള്ള ഒരു വർഷം അവിടെയായിരുന്നു. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഇസ്രായേലും തമ്മിൽ ഓസ്ലോ ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ ഗസ്സയിലേക്ക് മടങ്ങി. ഇതോടെ ഫലസ്തീൻ വിമോചന പോരാട്ടത്തിൽ വീണ്ടും സജീവമാവുകയും ഹമാസിന്റെ നേതൃതലത്തിലേക്ക് വരികയും ചെയ്തു. 1997ൽ ഹമാസ് സഹസ്ഥാപകൻ ഷെയ്ഖ് അഹമ്മദ് യാസീന്റെ അടുത്ത സഹായിയായി പ്രവർത്തിക്കാൻ തുടങ്ങി. 2001ൽ രണ്ടാം ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളിൽ അഹമ്മദ് യാസീനും അബ്ദുൽ അസീസ് അൽ റൻതീസിക്കും ശേഷം ഹനിയ്യ മൂന്നാമനായി മാറി.
ഈ സമയത്ത് ഇദ്ദേഹത്തെ ഇസ്രായേൽ കൊല്ലാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. 2003ൽ ഗസ്സയിലെ ഡൗൺടൗണിലെ അപ്പാർട്ട്മെന്റിൽ ഹനിയ്യക്കും അഹമ്മദ് യാസീനും നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം രാവിലെ നമസ്കാരശേഷം പള്ളിയിൽനിന്ന് ഇറങ്ങുമ്പോൾ അഹമ്മദ് യാസീനെ ഇസ്രായേൽ കൊലപ്പെടുത്തി.
2006ലെ തെരഞ്ഞെടുപ്പിൽ ഹമാസിനെ വലിയ വിജയത്തിലേക്ക് നയിച്ചതോടെ ഹനിയ്യ പ്രസ്ഥാനത്തിൽ കൂടുതൽ കരുത്തനായി. ഒരു ദശാബ്ദത്തിലേറെ അധികാരത്തിലിരുന്ന ഫതഹിനെയാണ് ഹനിയ്യയുടെ നേതൃത്വത്തിൽ പരാജയപ്പെടുത്തിയത്. തുടർന്ന് ഫലസ്തീൻ അതോറിറ്റിയുടെ പ്രധാനമന്ത്രിയായി ഹനിയ്യ ചുമതലയേറ്റു. എന്നാൽ, ഹമാസുമായി ലോക രാജ്യങ്ങൾ സഹകരിക്കാൻ തയ്യാറാകാത്തതിനാലും ഫതഹുമായുള്ള ഭിന്നതയും കാരണം 2007ൽ ഐക്യസർക്കാർ ശിഥിലമായി. പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഹനിയ്യയെ നീക്കി. 2014ലും ഹനിയ്യയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി.
2017ൽ ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ ഗസ്സയിലെ ഹമാസ് നേതാവായി തുടർന്നു. ഖാലിദ് മിശ്‌അലിന്റെ പിൻഗാമിയായിട്ടാണ് ഇദ്ദേഹം ഈ സ്ഥാനത്ത് എത്തുന്നത്. പിന്നീട് ഹനിയ്യ താമസം ഖത്തറിലേക്ക് മാറ്റുകയായിരുന്നു.