യുക്രൈന് സഹായവുമായി വീണ്ടും അമേരിക്ക; അനുവദിച്ച 300 മില്യൺ ഡോളറിൽ 'സ്വിച്ച്‌ബ്ലേഡ്' ഡ്രോണുകളും
ഒരു മാസത്തിലേറെ നീണ്ട റഷ്യൻ അധിനിവേശത്തിനിടെ ആദ്യമായി വെള്ളിയാഴ്ച റഷ്യൻ കേന്ദ്രങ്ങൾക്കു നേരെ യുക്രൈൻ വ്യോമാക്രമണം നടത്തിയിരുന്നു
രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി യുക്രൈന് 300 മില്യൺ ഡോളർ അനുവദിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. ലേസർ ഗൈഡഡ് റോക്കറ്റ് സംവിധാനങ്ങൾ, ഡ്രോണുകൾ, നൈറ്റ് വിഷൻ ഡിവൈസുകൾ, ആശയവിനിമയ സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, സ്‌പെയർ പാർട്‌സുകൾ തുടങ്ങിയ പാക്കേജുകളാണ് അമേരിക്ക അനുവദിച്ചത്.
നൽകിയ പാക്കേജിൽ കൂടുതലും സ്വിച്ച്‌ബ്ലേഡ് ഡ്രോണുകളാണ്. സ്വിച്ച്‌ബ്ലേഡുകൾ ഓപ്പറേറ്റരുടെ നിർദേശപ്രകാരം പ്രവർത്തിക്കാനും എവിടെയാണെന്ന് കണ്ടെത്താനും ലക്ഷ്യത്തിൽ തന്നെ വന്ന് പതിക്കാനും ആവശ്യമെങ്കിൽ പൊട്ടിത്തെറിക്കാനും സാധിക്കുന്നവയാണ്.
റഷ്യ നടത്തുന്ന ആക്രമണത്തെ ചെറുക്കാനുള്ള യുക്രൈന്റെ വീരോചിതമായ ശ്രമങ്ങളെ യുഎസ് പിന്തുണയ്ക്കുന്നു എന്ന കാര്യമാണ് ഇവിടെ അടിവരയിടുന്നതെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. ബുധനാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുക്രൈൻ പ്രസിഡന്റ് വാളാഡ്മിൻ സെലെൻസ്‌കിയും തമ്മിൽ ചർച്ച നടത്തിയിരുന്നു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഒരു മാസത്തിലേറെ നീണ്ട റഷ്യൻ അധിനിവേശത്തിനിടെ ആദ്യമായി വെള്ളിയാഴ്ച റഷ്യൻ കേന്ദ്രങ്ങൾക്കു നേരെ യുക്രൈൻ വ്യോമാക്രമണം നടത്തിയിരുന്നു. റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോദിലെ ഇന്ധന ഡിപ്പോക്കു നേരെയാണ് വെള്ളിയാഴ്ച രാവിലെ യുക്രൈന്റെ രണ്ട് സൈനിക ഹെലികോപ്ടറുകൾ ആക്രമണം നടത്തിയത്. കോപ്ടറുകളിൽ നിന്ന് നിരവധി മിസൈലുകൾ തൊടുത്തതായും സ്‌ഫോടനത്തിൽ ഡിപ്പോയുടെ ഭാഗങ്ങൾ തകർന്നതായും റഷ്യ ആരോപിച്ചു.
ഇന്ധന ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യൻ എണ്ണക്കമ്പനി റോസ്‌നെഫ്റ്റ് അഗ്നിബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, യുക്രൈന്റെ ആക്രമണമാണോ ഇതിനു പിന്നിലെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച ബെൽഗൊറോദിലെ ഒരു വെടിമരുന്ന് ഡിപ്പോയ്ക്ക് തീപിടിക്കുകയും സ്‌ഫോടനപരമ്പര ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ കാരണം സംബന്ധിച്ച് റഷ്യൻ പ്രതിരോധവിഭാഗം വിശദീകരണം നൽകുന്നത് കാത്തിരിക്കുകയാണെന്ന് ഗവർണർ ഗ്ലാദ്‌കോവ് പറഞ്ഞു.