ചൈനക്കെതിരെ ആണവാക്രമണത്തിന് അമേരിക്ക പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി മുൻ ഉദ്യോഗസ്ഥൻ

'പെന്റഗൺ പേപ്പേഴ്‌സ്' വിവാദത്തിലൂടെ പ്രശസ്തനായ മുൻ യുഎസ് സൈനിക ഗവേഷകനായ ഡാനിയേൽ എൽസ്ബർഗ് ആണ് 1958ലെ തായ്‌വാൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരം പുറത്തുവിട്ടിരിക്കുന്നത്

Update: 2021-05-23 12:59 GMT
Editor : Shaheer | By : Web Desk
Advertising

ചൈനയ്‌ക്കെതിരെ ആണവാക്രമണത്തിന് യുഎസ് സൈന്യം പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ സൈനികോദ്യോഗസ്ഥനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 1958ൽ തായ്‌വാനെ കീഴ്‌പ്പെടുത്താനുള്ള ചൈനീസ് നീക്കം തടയാനായിരുന്നു ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങുന്നതിനെ കുറിച്ച് യുഎസ് സൈന്യം ആലോചിച്ചത്.

'പെന്റഗൺ പേപ്പേഴ്‌സ്' വിവാദത്തിലൂടെ പ്രശസ്തനായ മുൻ യുഎസ് സൈനിക ഗവേഷകന്‍ ഡാനിയേൽ എൽസ്ബർഗ് ആണ് രഹസ്യവിവരം പുറത്തുവിട്ടിരിക്കുന്നത്. ന്യൂയോർക്ക് ടൈംസാണ് വെളിപ്പെടുത്തൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയെ ആക്രമിച്ചാൽ സോവിയറ്റ് യൂനിയൻ അവർക്ക് പിന്തുണ നൽകുമെന്നും ആണവായുധം കൊണ്ട് തന്നെ അവർ തിരിച്ചടിക്കുമെന്നും യുഎസ് വിലയിരുത്തിയിരുന്നതായും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതീവ രഹസ്യമായി കണക്കാക്കുന്ന രേഖയുടെ ഭാഗമാണ് ഇപ്പോൾ 90കാരനായ എൽസ്ബർഗ് പരസ്യമാക്കിയിരിക്കുന്നത്. 1958ലെ തായ്‌വാൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകൾ ഭാഗികമായി മാത്രമാണ് യുഎസ് പുറത്തുവിട്ടിട്ടുള്ളത്. 1975ലായിരുന്നു ഭാഗിക രഹസ്യങ്ങൾ പരസ്യമാക്കിയത്.

വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട അമേരിക്കയുടെ അതീവ രഹസ്യ പഠനം യുഎസ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്താണ് എൽസ്ബർഗ് മുൻപ് വാർത്തകളിൽ നിറയുന്നത്. 1971ലായിരുന്നു അമേരിക്കയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ 'പെന്റഗൺ പേപ്പേഴ്‌സ്' വിവാദം നടന്നത്. ഈ സമയത്തുതന്നെ ശേഖരിച്ച തായ്‌വാൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിടുന്നതെന്നും എൽസ്ബർഗ് അറിയിച്ചിട്ടുണ്ട്. തായ്‌വാന്റെ വ്യോമാതിർത്തിയിൽ ചൈനീസ് വ്യോമസേന അതിക്രമിച്ചുകടന്നതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും എൽസ്ബർഗ് കൂട്ടിച്ചേർത്തു.

ചൈനയുടെ തായ്‌വാൻ അധിനിവേശം ചെറുക്കാനായില്ലെങ്കിൽ ആണവായുധമല്ലാതെ മറ്റു മാർഗങ്ങളില്ലെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തൽ. വടക്ക് ഷാങ്ഹായി വരെ ആണവായുധങ്ങൾ കൊണ്ട് തകർക്കാനായിരുന്നു പദ്ധതി. എന്നാൽ, തായ്‌വാനിലെ ആക്രമണം അവസാനിപ്പിച്ച് ചിയാങ് കയ് ഷെക്കിന്‍റെ നേതൃത്വത്തിലുള്ള ദേശീയസേനയുടെ നിയന്ത്രണത്തിലേക്ക് ദ്വീപിനെ വിട്ടുകൊടുത്ത് ചൈന പിന്മാറിയതോടെ ആണവാക്രമണത്തിനുള്ള സാഹചര്യം ഒഴിയുകയായിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News