ഗസ്സയിൽ യുദ്ധം നീളരുതെന്ന് ഇസ്രായേലിനോട് യു.എസ്; ആക്രമണം നിർത്താൻ ഇടപെടുന്നുണ്ടെന്ന് ബൈഡൻ

മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിനുനേർക്ക്​ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്​ ഹിസ്ബുല്ല

Update: 2024-01-09 01:24 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സ സിറ്റി/ദുബൈ: ഗസ്സയിലെ യുദ്ധം അനിശ്​ചിതമായി നീളരുതെന്ന്​ ഇസ്രായേലിനോട്​ അമേരിക്ക. ആക്രമണം ലഘൂകരിക്കാൻ ഇസ്രായേലിനോട്​ താൻ ആവശ്യപ്പെട്ടുവരികയാണെന്ന്​ തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയ യുദ്ധവിരുദ്ധ പ്രവർത്തകരോട്​ യു.എസ്​ പ്രസിഡന്‍റ് ജോ​ ബൈഡൻ അറിയിച്ചു. യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന്​ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും.

അതിനിടെ, മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിനുനേർക്ക്​ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്​ ഹിസ്ബുല്ല. വടക്കൻ ഗസ്സയിൽനിന്ന്​ ഇസ്രായേൽ പ്രദേശങ്ങളിലേക്ക്​ റോക്കറ്റ്​വർഷം നടന്നു. ബന്ദികളെ രക്ഷിച്ചെടുക്കാനുള്ള ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സിന്റെ നീക്കം വീണ്ടും തകർത്തതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു​. വെസ്റ്റ്​ ബാങ്കിലെ തുൽക്കറമിൽ മൂന്ന്​ ഫലസ്തീൻ പോരാളികളെ ഇസ്രായേൽ വധിച്ചു.

ഗസ്സയിൽ പരമാവധി നേരത്തെ യുദ്ധത്തിന്​ അറുതി വരുത്തണമെന്ന ബൈഡൻ ഭരണകൂടത്തിന്‍റെ തീരുമാനം യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇന്ന്​ ഇ​സ്രായേൽ നേതാക്കളെ അറിയിക്കുമെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. സൗത്ത്​ കരോലിനയയിൽ ബൈഡന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം ഗസ്സ അനുകൂലികളായ ജനങ്ങൾ ഇന്നലെ രാത്രി തടസപ്പെടുത്തി. ജനങ്ങളുടെ വികാരം ഉൾക്കൊള്ളുന്നതായും യുദ്ധം പരമാവധി കുറക്കാൻ ഇസ്രായേലുമായി ആശയവിനിമയം നടന്നുവരികയാണെന്നും ബൈഡൻ പറഞ്ഞു.

അതിനിടെ, വടക്കൻ ഗസ്സയിൽ പോരാളികളെ പൂർണമായും അമർച്ച ചെയ്​തുവെന്ന സൈന്യത്തിന്‍റെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച്​ ഇസ്രായേൽ പ്രദേശങ്ങളെ ലക്ഷ്യമിട്ട്​ നൂറുകണക്കിന്​ റോക്കറ്റുകളയച്ചിരിക്കുകയാണ് ഹമാസ്​. സിദ്​റത്ത്​ ഉൾപ്പെടെ പല പ്രദേശങ്ങളിലും നിലക്കാത്ത സൈറൺ ഉയർന്നു. സൈനിക സംവിധാനങ്ങൾ തകർത്തെങ്കിലും വടക്കൻ ഗസ്സയിൽ പോരാളികളെ തങ്ങൾക്ക്​ നേരിടേണ്ടി വരുന്നതായി സൈനിക വക്താവ് അറിയിച്ചു​. തുരങ്കങ്ങളുമായി ബന്ധിപ്പിച്ച്​ ഹമാസിന്‍റെ ആയുധ ഫാക്​ടറികൾ പ്രവർത്തിക്കുന്നതായും സൈനിക വക്താവ് പറഞ്ഞു.

ഇസ്രാ​യേൽ നടത്തിയ വ്യോമാ​ക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡറട​ക്കം രണ്ടു​പേർ ഇന്നലെ കൊല്ലപ്പെട്ടതോടെ സംഘർഷം മൂർഛിച്ചിരിക്കുകയാണ്. ഹിസ്ബു​ല്ല റിദ്‍വാൻ ഫോഴ്സിന്റെ യൂനിറ്റ്ഉ പ​മേധാ​വി വിസ്സാം അൽ തവീലാണ് മജ്ദുൽ സലം ഗ്രാ​മത്തിൽ നടന്ന ആക്രമണത്തിൽ മരിച്ചത്. കാറിനു​മേൽ മിസൈൽ പതി​ച്ചാണ്​ മരണം. ഹിസ്ബുല്ലയുടെ തിരിച്ചടി ഭയന്ന് ആയിരങ്ങൾ അതിർത്തി പ്ര​ദേശങ്ങളിൽ​നിന്ന് ഒഴിഞ്ഞു​പോകുകയാണ്.

ഖാൻ യൂനിസിലും പരിസര​പ്രദേശങ്ങളിലും ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്നതിലിടെ ഗസ്സയിൽ മരണം 23,084 ആയി. 58,926 പേർക്ക് പരിക്കേറ്റു. 24 മ​ണിക്കൂറിനിടെ 17 ഇടങ്ങളിൽ നടത്തിയ ബോംബിങ്ങിൽ 249 പേരാണു മരിച്ചത്. ദാ​റുൽ ബലാ​ഇലും നു​സൈറാത്, അൽ മ​ഗാസി അഭയാർഥി ക്യാമ്പുകളിലുമാണ് കൂടുതൽ മരണം. അൽ മ​ഗാസി ക്യാംപില്‍ സ്കൂളിനു​നേരെ നടത്തിയ ആക്രമണ​ത്തിൽ 30ലധികം പേരാണ് മരിച്ചത്. അതേ​സമയം, അൽ​ഖസ്സാം ബ്രിഗേഡ് ശക്ത​മായ ചെറുത്തു​നിൽപ് തുടരുകയാണ്. രണ്ട് ഇസ്രായേലി സൈനി​ക ടാങ്കുകൾ ത​കർത്തതായും ഭൂഗർഭ അറയിൽ നടത്തിയ സ്ഫോടനത്തിൽ ഏഴ് സൈനികർക്ക് പരി​ക്കേറ്റതായും അൽ​ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

Summary: US instructs Israel not to prolong the war in Gaza; Joe Biden announced that he was intervening to stop the attack

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News