ടി.വി ഷോക്കിടെ ചുഴലിക്കാറ്റിനെ കുറിച്ച് കുടുംബത്തിന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷകൻ
കമ്മറർ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
വാഷിങ്ടണ്‍: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെക്കുറിച്ച് ലൈവ് ഷോ നടന്നുകൊണ്ടിരിക്കുമ്പോൾ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകുന്ന കാലാവസ്ഥാ നിരീക്ഷകന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വെറലാകുന്നു. എൻബിസി വാഷിംഗ്ടണിന്റെ ചീഫ് മെറ്റീരിയോളജിസ്റ്റ് ഡഗ് കമ്മററാണ് ലൈവിനിടെ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകിയത്. കൊടുങ്കാറ്റ് തന്റെ വീടിനെ ബാധിച്ചേക്കാമെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം പരിഭ്രാന്തനാകുകയും ഉടൻ വീട്ടിലേക്ക് വിളിക്കുകയുമായിരുന്നു. മാർച്ച് 31 ന് നായിരുന്നു സംഭവം.
'അവിടെ ഇറങ്ങൂ. ഇപ്പോൾ തന്നെ അവിടെ കയറുക. നേരെ കിടപ്പുമുറിയിൽ കയറുക. നിങ്ങൾ 15 മിനിറ്റ് കാത്തിരിക്കണം ' കമ്മറർ വീട്ടുകാരോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. ഫോൺ വെച്ചതിന് ശേഷം അദ്ദേഹം വീണ്ടും തൽസമ സംപ്രേഷണം തുടരുകയും ചെയ്തു.'എന്റെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണം. എന്റെ കുട്ടികൾ ഒരുപക്ഷേ ഓൺലൈൻ ഗെയിമിംഗ് കളിക്കുകയാകും. അവർ ഈ മുന്നറിയിപ്പ് കാണാൻ ഇടയില്ല. അതുകൊണ്ടാണ് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകിയത് എന്നദ്ദേഹം പ്രേഷകരോട് പറയുകയും ചെയ്തു.
തന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ കമ്മററും പങ്കുവെച്ച് ഇങ്ങനെ കുറിച്ചു.
'അതെ, എന്റെ കുടുംബത്തിന് മുന്നറിയിപ്പ് നൽകണം! കുട്ടികൾ വീട്ടിൽ തനിച്ചായിരുന്നു, അവർ എന്നെ ടിവിയിൽ കാണുന്നില്ലെന്ന് എനിക്കറിയാമായിരുന്നു! അവർ സുരക്ഷിതരാണ്. നന്ദി! എന്നെ സംബന്ധിച്ചിടത്തോളം ഭയാനകമായ നിമിഷം, ഞാൻ ഉള്ളിൽ അൽപ്പം പരിഭ്രാന്തിയിലായിരുന്നു'.
തന്റെ കുടുംബം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് കമ്മറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. താങ്കളൊരു നല്ല പിതാവും ഭർത്താവുമാണ് എന്നാണ് അധികപേരും കമന്റ് ചെയ്തിരിക്കുന്നത്.