തായ്‌വാൻ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക
തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിൽ ചൈന നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്നു
തായ്‌വാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി 98 മില്ല്യൺ ഡോളറിന്റെ വിൽപ്പനയ്ക്ക് അംഗീകാരം നൽകി അമേരിക്ക. ചൈന-തായ്‌വാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിർണായക നീക്കം.
തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിൽ ചൈന നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്നു. പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് വേണ്ട ഉപകരണങ്ങൾക്ക് പുറത്ത് മറ്റു ആയുധങ്ങൾ കൈമാറാനും സേനയ്ക്ക് പരീശീലനം നൽകാനും അമേരിക്ക പദ്ധതിയിട്ടതായി പെന്റഗൺ അറിയിച്ചു. സാഹസികമായ സൈനിക നീക്കങ്ങൾ ഉപേക്ഷിക്കണമെന്ന് ചൈനയോട് തായ്‌വാൻ പ്രസിഡന്റ് സായ്-ഇംഗ് വെൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് തായ്‌വാൻ പ്രശ്നം ഇരുരാജ്യങ്ങൾക്കുമിടയിൽ കടുത്ത വിദ്വേഷത്തിനും പിരിമുറുക്കങ്ങൾക്കും കാരണമായിട്ടുണ്ട്.തായ്വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ഈ വാദം തായ്‌വാൻ പൂർണമായും നിരസിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ സ്വയംഭരണാധികാരമുള്ള തായ്വാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചൈന ശക്തമാക്കിയിരുന്നു. മാതൃരാജ്യത്തിന്റെ സമ്പൂർണമായ പുന:ക്രമീകരണം ചൈനയിലേയും തായ്വാനിലേയും ജനങ്ങളുടെ അഭിലാഷമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വ്യക്തമാക്കിയിരുന്നു