അമേരിക്കയില്‍ ഒറ്റദിവസം മാത്രം 10 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്
തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്
ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ ആശങ്കയുയര്‍ത്തി കോവിഡ്. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
നാലു ദിവസം മുമ്പ് യു.എസിൽ ഒരു ദിവസം 5,90,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്‍റെ ഇരട്ടി വര്‍ധനവാണ് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് മഹാമാരി തുടങ്ങിയതിനു ശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ഡെൽറ്റ വകഭേദം വ്യാപകമായി പടർന്നുപിടിച്ച സമയത്ത് കഴിഞ്ഞ മെയ് ഏഴിന് 4,14,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കേസുകള്‍ കൂടിയെങ്കിലും ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം കുറവാണ്. ഭൂരിഭാഗം പേരും വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്. കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസകരമായ കാര്യമാണ്. ഇത്രയധികം പേരില്‍ വൈറസ് ബാധയുണ്ടായത് രാജ്യത്തെ ആകമാനം ബാധിച്ചിട്ടുണ്ട്. ഫ്ലൈറ്റുകള്‍ റദ്ദാക്കുന്നതും സ്കൂളുകളും ഓഫീസുകളും അടച്ചിടുന്നതും പതിവായിട്ടുണ്ട്. ക്രിസ്മസ് അവധി കഴിഞ്ഞ് കുട്ടികള്‍ സ്കൂളില്‍ പോകണ്ടേതായിരുന്നുവെങ്കിലും പല സ്കൂളുകളും അടഞ്ഞുകിടന്നു.
അവധി ദിവസങ്ങള്‍ക്കു ശേഷമാണ് അമേരിക്കയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് കാണുന്നത്. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലും വീടുകളിലും ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നു. സെന്‍റേഴ്സ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞ ആഴ്ച കോവിഡ് ബാധിതര്‍ക്കുള്ള ക്വാറന്‍റൈന്‍ കാലാവധി കുറച്ചിരുന്നു. എന്നാല്‍ ഇതു സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായി ഫൈസർ/ബയോഎൻടെക് കോവിഡ്-19 വാക്‌സിന്‍റെ മൂന്നാം ഡോസ് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുകയും ബൂസ്റ്റർ ഷോട്ട് യോഗ്യതയ്ക്കുള്ള ഇടവേള ആറ് മാസത്തിൽ നിന്ന് അഞ്ച് മാസമായി ചുരുക്കുകയും ചെയ്തു.