മനുഷ്യരേക്കാള്‍ പട്ടികളെ രക്ഷപ്പെടുത്താന്‍ പണിയെടുത്ത് അമേരിക്കന്‍ പട്ടാളം: വ്യാപക വിമര്‍ശനം

രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു

Update: 2021-08-17 07:25 GMT
Editor : ubaid | By : Web Desk
Advertising

അഫ്​ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുകയും പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി നാടുവിടുകയും ചെയ്തതോടെ ജീവനുള്ള ഓട്ടത്തിലാണ്‌ അഫ്‌ഗാൻ ജനത. മറ്റേതെങ്കിലും രാജ്യത്തേക്ക്‌ കടക്കാമെന്ന്‌ പ്രതീക്ഷിച്ച്‌ ആയിരക്കണക്കിന്‌ ആളുകളാണ്‌ കാബൂൾ ഹമീദ്‌ കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കുകൂട്ടുന്നത്‌. തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളത്തിന് പുറത്തെ പാതകളിലും ജനങ്ങളും വാഹനങ്ങളും തിങ്ങിനിറഞ്ഞ സാഹചര്യമാണ്. താലിബാന്‍റെ പിടിയിലായ അഫ്ഗാൻ വിട്ട് സുരക്ഷിത താവളം തേടാനുള്ള വ്യഗ്രതയിലാണ് കൈക്കുഞ്ഞുങ്ങളുമായി അഫ്ഗാൻ കുടുംബങ്ങൾ വിമാനത്താവളത്തിലേക്കോടുന്നത്.

അതിനിടയിൽ കാബൂൾ എയർപോർട്ടിലേക്ക് നായകളെയും കൊണ്ട് അമേരിക്കൻ പട്ടാളക്കാർ പോകുന്ന ദൃശ്യങ്ങൾ വ്യാപക വിമർശനം വിളിച്ചുവരുത്തി. അമേരിക്കൻ പട്ടാളം മനുഷ്യരെക്കാൾ മൃഗങ്ങൾക്ക് മുൻഗണന നൽകുന്നുവെന്നും ഫ്ലൈറ്റിൽ പട്ടികൾ ഇരിക്കുന്ന ദൃശ്യങ്ങള്‍ അഫ്ഗാന്‍ ജനതയെ അപമാനിക്കുന്നതാണെന്നുമായിരുന്നു വിമര്‍ശനം. 


രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിക്കാത്തതിലും വേഗത്തിൽ താലിബാൻ കാബൂൾ പിടിച്ചതിടെ അമേരിക്ക വാഗ്ദാനം മറന്നു. പ്രാണഭീതിയിലായ അഫ്ഗാൻകാർ കുടുംബസമേതം വിമാനത്താവളത്തിലേക്ക് ഒഴുകി. എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ച് ജനം ഇരച്ചെത്തിയായതോടെ അമേരിക്കൻ സേന ഇവർക്ക് നേരെ വെടിയുതിർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായാണ് സൂചന. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ വിമാന സർവിസ് നിർത്തിവെച്ചത് പിന്നീട് പുനരാരംഭിച്ചിരിക്കുകയാണ്. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News