ഗസ്സയിൽ ആണവ ആക്രമണം വേണമെന്ന് അമേരിക്കൻ സെനറ്റർ; പ്രതികരിച്ച് ഹമാസ്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്താവനയെയും ഹമാസ് വിമർ​ശിച്ചു

Update: 2024-05-13 16:29 GMT
Advertising

ഗസ്സയിൽ 220 ദിവസമായി തുടരുന്ന ഇസ്രായേലിന്റെ വംശഹത്യ ആക്രമണത്തിൽ പതിനായിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദേശിക്കുകയാണ് അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനിൽ നിക്ഷേപിച്ചത് പോലെ അണുബോംബ് വർഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഫലസ്തീനിൽ ഇ​സ്രായേലിന് സാധ്യമായതെല്ലാം ചെയ്യണമെന്നും എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ പേൾ ഹാർബറിനെ ശത്രുക്കൾ ആക്രമിച്ചു. ഇതിന് മറുപടിയായിട്ട് ജർമ്മനിയോടും ജപ്പാനോടും യുദ്ധം ചെയ്തപ്പോൾ ആണവായുധങ്ങൾ ഉപയോഗിച്ച് അത് അവസാനിപ്പിക്കാൻ നമ്മൾ തീരുമാനിച്ചു. അതായിരുന്നു ശരിയായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രഹാമിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നു. അമേരിക്കൻ സെനറ്ററുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ ധാർമ്മിക അധഃപതനത്തിന്റെ ആഴവും വംശഹത്യയുടെയും കൊളോണിയലിസത്തിൻ്റെയും മാനസികാവസ്ഥയുമാണ് ഇത് സൂചിപ്പിക്കുന്നത്.

തീർത്തും ഒറ്റപ്പെട്ട് കഴിയുന്ന സാധാരണക്കാരായ ജനങ്ങൾക്കെതിരെ ഇസ്രായേൽ സൈന്യം നടത്തുന്ന വംശഹത്യക്ക് കൂട്ടുനിൽക്കുകയാണ് അമേരിക്ക. അവിടത്തെ രാഷ്ട്രീയ വരേണ്യവർഗത്തിനിടയിലും ഈ മാനസികാവസ്ഥയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രസ്താവനയെന്നും ഹമാസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്താവനക്കെതിരെയും ഹമാസ് രംഗത്തുവന്നു. ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചാൽ അടുത്തദിവസം തന്നെ വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്നായിരുന്നു ബൈഡ​ന്റെ പ്രസ്താവന. ഖത്തറിന്റെയും അമേരിക്കയുടെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ കെയ്റോയിൽ നടന്ന ചർച്ചകൾ കഴിഞ്ഞയാഴ്ച പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമായിരുന്നു ബൈഡന്റെ പ്രസ്താവന വരുന്നത്.

അമേരിക്കയുടെ അറിവോടെ ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥർ മുന്നോട്ടുവച്ച നിർദ്ദേശം ഹമാസ് അംഗീകരിച്ചിരുന്നു. ഇതിൽ നിന്നുള്ള പിന്മാറ്റമാണ് ബൈഡന്റെ നിലപാടെന്ന് ഹമാസ് ക​ുറ്റപ്പെടുത്തി. ബൈഡൻ്റെ നിലപാട് ഇസ്രായേൽ പിന്തുടരുന്ന ക്രിമിനൽ നയത്തോടുള്ള യു.എസിൻ്റെ പിന്തുണയെ ഒരിക്കൽ കൂടി അടിവരയിടുന്നു. നമ്മുടെ ജനങ്ങൾക്കെതിരെ നടത്തുന്ന വംശഹത്യയ്ക്ക് രാഷ്ട്രീയമായും സൈനികപരമായും അമേരിക്ക പിന്തുണ തുടരുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

അമേരിക്ക ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളറിന്റെ ആയുധ-പ്രതിരോധ സംവിധാനങ്ങൾ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇസ്രായേലിനായി 15 ബില്യൺ ഡോളറിൻ്റെ സൈനിക സഹായ പാക്കേജിന് യു.എസ് കോൺഗ്രസ് അംഗീകാരം നൽകിയിരുന്നു. ഇതിൽ അഞ്ച് ബില്യൺ ഡോളറിന്റെ ആയുധങ്ങളും ഉൾപ്പെ​ടും.

അതേസമയം, റഫയിൽ വലിയരീതിയിൽ കരയാക്രമണം നടത്തുമെന്ന ഭീതി കാരണം ഇസ്രായേലിലേക്കുള്ള ഏതാനും ആയുധ കയറ്റുമതികൾ അമേരിക്ക തടഞ്ഞിട്ടുണ്ട്. അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ഈ നീക്കത്തിനെതിരെയും രംഗത്തുവന്നിരുന്നു.

അമേരിക്കയുടെയും ലോക രാഷ്ട്രങ്ങളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് റഫയിൽ വലിയ ആക്രമണത്തിനാണ് ഇസ്രായേൽ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഇസ്രായേൽ ലക്ഷ്യമായി പറയുന്നത്. എന്നാൽ, വലിയ മാനുഷിക ദുരന്തത്തിനായിരിക്കും റഫ സാക്ഷ്യം വഹിക്കുക എന്ന് ഐക്യരാഷ്ട്ര സഭയടക്കം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏകദേശം 15 ലക്ഷത്തോളം പേരാണ് തെക്കൻ ഗസ്സയിൽ കഴിയുന്നത്.

ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടപ്പലായനത്തിനാണ് റഫ സാക്ഷ്യം വഹിക്കുന്നത്. ഇവിടെ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം കഴിഞ്ഞയാഴ്ച ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന് ശേഷം ഇതുവരെ 3,60,000 പേരാണ് പലായനം ചെയ്തതെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു.

വടക്കൻ ഗസ്സയിലും വ്യോമാക്രമണം കാരണം നിരവധി പേർ കുടിയിറക്കപ്പെട്ടു കഴിഞ്ഞു. ജനങ്ങൾക്ക് എങ്ങോട്ടും ​പോകാൻ കഴിയാത്ത അവസ്ഥയാണ്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാതെ എവിടെയും സുരക്ഷിതത്വം ഉണ്ടാകില്ലെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം 220 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 35,091 പേരാണ് കൊല്ലപ്പെട്ടത്. 78,827 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യവും അധിനിവേശക്കാരും ഫലസ്തീനികൾക്കെതിരെ വലിയ ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News