അനധികൃതമായി കുടിയേറിയ ഇന്ത്യക്കാ​രെ തിരിച്ചയച്ച് യുഎസ്

145 രാജ്യങ്ങളിൽ നിന്നുള്ള 160,000 പേരെയാണ് അമേരിക്ക തിരിച്ചയച്ചത്

Update: 2024-10-27 04:55 GMT
Advertising

ന്യൂഡൽഹി: ​തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെ രാജ്യത്ത് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാ​രെ തിരിച്ചയച്ച് അമേരിക്ക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെ പുറത്താക്കിയത്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ചാർട്ടേഡ് വിമാനം വഴി അനധികൃതമായി കുടിയേറിയവരെ ഇന്ത്യയി​ലെത്തിച്ചത്. ഒക്ടോബർ 22 നാണ് ചാർട്ടേഡ് വിമാനം ഇന്ത്യയിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അനിയന്ത്രിതമായ കുടിയേറ്റം കുറയ്ക്കുന്നതിനും തടയുന്നതിനുമൊപ്പം മനുഷ്യക്കടത്ത് തടയാൻ സംയുക്തമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് മുമ്പും ഇത്തരം നാടുകടത്തലുകൾ നടത്തിയിട്ടുണ്ടെന്നും അനധികൃത കുടിയേറ്റത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ചോ അവർ ഇന്ത്യയിലെ എവിടെ നിന്നാണ് വന്നത് എന്നതടക്കമുള്ള വിശദാംശങ്ങൾ അമേരിക്ക പുറത്തുവിട്ടില്ല.

ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് കൂടുതൽ വഴികൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റത്തിനെതിരെ നടപടി കനപ്പിക്കുന്നത്. അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത്, കള്ളക്കടത്ത് സംഘങ്ങളുടെ ഇരയാവാതിരിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും യുഎസ് വ്യക്തമാക്കി.

145 രാജ്യങ്ങളിൽ നിന്നുള്ള 160,000 പേരെയാണ് അമേരിക്ക തിരിച്ചയച്ചത്. ഇതിനായി 495-ലധികം വിമാനസസർവീസുകളാണ് യുഎസ് നടത്തിയത്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ (CBP) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 ഒക്ടോബർ 1 നും 2024 സെപ്റ്റംബർ 30 നും ഇടയിൽ അനധികൃത കുടിയേറ്റത്തിന് 90,415 ഇന്ത്യൻ പൗരന്മാർ പിടിയിലായിരുന്നു. ഈ കാലയളവിൽ 2.9 ദശലക്ഷം വിദേശ പൗരന്മാരെയാണ് യുഎസ് അധികൃതർ പിടികൂടിയത്. പിടിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരിൽ ഏകദേശം 50 ശതമാനവും ഗുജറാത്തിൽ നിന്നുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാനഡയുമായുള്ള വടക്കൻ അതിർത്തിയിൽ നിന്നാണ് പകുതിയോളം ഇന്ത്യക്കാരെ പിടികൂടിയത്. മെക്സിക്കോ അതിർത്തിയിൽ നിന്ന് പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറവുണ്ടായതായും റിപ്പോർട്ടുണ്ട്. ഇന്ത്യക്ക് പുറമെ കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, സെനഗൽ, ചൈന, ഉസ്ബെകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയച്ചിരിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News