'സിഖ് വിശ്വാസത്തിന്‍റെ പേരില്‍ സഹപ്രവര്‍ത്തകര്‍ ആക്രമിക്കുന്നു': റിപബ്ലിക്കന്‍ നേതാവ് ഹർമീത് ധില്ലൺ
താൻ തളരില്ലെന്നും മത്സര രംഗത്ത് തുടരുമെന്നും ഹർമീത് ധില്ലൺ
വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ മതത്തിന്‍റെ പേരില്‍ തന്നെ ആക്രമിക്കുകയാണെന്ന് ഇന്ത്യൻ - അമേരിക്കൻ അറ്റോർണി ഹർമീത് ധില്ലൺ. സിഖ് മതവിശ്വാസത്തിന്‍റെ പേരില്‍ തന്നെ ആക്ഷേപിക്കുന്നു എന്നാണ് ഹർമീതിന്‍റെ പരാതി. റിപബ്ലിക്കൻ നാഷണൽ കമ്മിറ്റി (ആർഎൻസി) ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് ഹർമീതിന്‍റെ ആരോപണം.
താൻ തളരില്ലെന്നും മത്സര രംഗത്ത് തുടരുമെന്നും ഹര്‍മീത് ധില്ലണ്‍ പറഞ്ഞു. റോണ മക്ഡാനിയലാണ് ഹര്‍മീതിന്‍റെ എതിരാളി- "വളരെ വ്യക്തമായി പറഞ്ഞാൽ എനിക്കും എന്റെ ടീമിനുമെതിരായ ഭീഷണികളോ അല്ലെങ്കിൽ എന്റെ വിശ്വാസത്തിന് നേരെയുള്ള ആക്രമണങ്ങളോ എന്നെ പിന്തിരിപ്പിക്കുകയില്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെ പാരമ്പര്യത്തെ കുറിച്ചുള്ള എന്‍റെ സന്ദേശത്തോട് റോണയുടെ അനുയായികള്‍ പ്രതികരിച്ചത് ഞാന്‍ അവസാനിപ്പിച്ചെങ്കില്‍ അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്നാണ്"- ഹര്‍മീത് വിശദീകരിച്ചു.
എതിരാളികള്‍ ഹര്‍മീതിന്‍റെ സിഖ് വിശ്വാസത്തെ കുറിച്ച് ചോദ്യം ഉന്നയിക്കാന്‍ തുടങ്ങിയെന്ന് കഴിഞ്ഞ ആഴ്ച പൊളിറ്റിക്കോ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍.എന്‍.സി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ചില ആര്‍.എന്‍.സി അംഗങ്ങൾ, തന്‍റെ സിഖ് വിശ്വാസം ആയുധമാക്കുന്നത് വേദനാജനകമാണെന്ന് ഹര്‍മീത് പറഞ്ഞു.
അതേസമയം ഹര്‍മീതിന്‍റെ എതിരാളിയായ റോണ മക്‌ഡാനിയൽ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണത്തെ അപലപിച്ചു- "ഞങ്ങൾ വിശ്വാസത്തിന്റെയും കുടുംബത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാർട്ടിയാണ്. ഈ ആക്രമണങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയിലോ രാഷ്ട്രീയത്തിലോ സ്ഥാനമില്ല. ഒരു ന്യൂനപക്ഷ അംഗമെന്ന നിലയിൽ, അത്തരം ആക്രമണങ്ങളെ ഞാൻ ഒരിക്കലും അംഗീകരിക്കില്ല. പോസിറ്റീവായ കാമ്പെയിനാണ് ഞാന്‍ നടത്തുക". ജനുവരി 27നാണ് റിപബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കുക.
Summary- Harmeet Dhillon, a prominent Indian-American attorney who is running for Republican National Committee (RNC) chairwoman, has alleged that she is facing bigoted attacks from her fellow party leaders because of her Sikh faith