യുക്രൈന് 225 മില്യണ്‍ ഡോളറിന്‍റെ സഹായവുമായി അമേരിക്ക
ഫ്രാൻസിൽ വെച്ച് നടന്ന ബൈഡൻ - സെലൻസ്കി കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം
തെല്‍ അവിവ്: യുക്രൈന് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. 225 മില്യണ്‍ ഡോളറിന്‍റെ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. ഫ്രാൻസിൽ വെച്ച് നടന്ന ബൈഡൻ - സെലൻസ്കി കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
ഫ്രാൻസിലെ നോർമണ്ടിയിൽ ഡി ഡേ ലാൻഡിങ്ങന്‍റെ എൺപതാം വാർഷിക അനുസ്മരണത്തിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് . യുക്രൈനുള്ള സൈനിക സഹായം വൈകിയതിൽ ക്ഷമ ചോദിച്ച ബൈഡൻ 225 മില്യൻ ഡോളറിന്‍റെ സഹായ പാക്കേജും പ്രഖ്യാപിച്ചു. വെടിക്കോപ്പുകളും വിമാനവേധ മിസൈലുകളും ഉൾപ്പെടുന്നതാണ് പുതിയ സഹായപാക്കേജ് . കോൺഗ്രസിലെ ചില റിപ്പബ്ലിക്കൻസ് കാരണമാണ് സൈനിക സഹായം വൈകിയതെന്ന് ബൈഡൻ പറഞ്ഞു. നേരത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യുക്രൈനിലേക്ക് മിറാഷ് വിമാനങ്ങൾ അയക്കുമെന്നും പൈലറ്റുമാരെ പരിശീലിപ്പിക്കുമെന്നും മാക്രോണ്‍ പറഞ്ഞു. അതിനിടെ യുദ്ധംം ജയിക്കാനായി യുക്രൈനില്‍ ആണവായുധം ഉപയോഗിക്കേണ്ടതില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൽ അവകാശപ്പെട്ടു. എന്നാൽ ആണവശക്തിയായ റഷ്യയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് വിനാശകരമായ തിരിച്ചടി നൽകുമെന്നും പുടിൻ വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിൽ റഷ്യക്ക് ഇതുവരെയും വിജയം അവകാശപ്പെടാനായിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ ശക്തമായ ചെറുത്തുനിൽപ്പാണ് യുക്രൈന്‍ നടത്തുന്നത് .