ബോംബ് ഭീഷണി ; കമല ഹാരിസിന്റെ ഭർത്താവ് പങ്കെടുക്കാനെത്തിയ ചടങ്ങ് പിരിച്ചുവിട്ടു
ആഫ്രോ അമേരിക്കൻ വംശജരുടെ അനുസ്മരണ ചടങ്ങിന് ഡൻബർ ഹൈസ്കൂളിലെത്തിയ എംഹോഫ് അവിടത്തെ മ്യൂസിയം സന്ദർശിക്കുമ്പോഴാണ് ബോംബ് ഭീഷണി ഉണ്ടായത്
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫ് പങ്കെടുക്കാനെത്തിയ ചടങ്ങിനു ബോംബ് ഭീഷണി. രഹസ്യ വിവരത്തെ തുടർന്ന് ചടങ്ങ് പെട്ടന്ന് തന്നെ പിരിച്ചുവിട്ടു.
ആഫ്രോ അമേരിക്കൻ വംശജരുടെ അനുസ്മരണ ചടങ്ങിന് ഡൻബർ ഹൈസ്കൂളിലെത്തിയ എംഹോഫ് അവിടത്തെ മ്യൂസിയം സന്ദർശിക്കുമ്പോഴാണ് ബോംബ് ഭീഷണി ഉണ്ടായത്. ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെയും സ്കൂളിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ബോംബൊന്നും കണ്ടെത്തിയില്ല.
"മിസ്റ്റർ എംഹോഫ് സുരക്ഷിതനാണ്, സ്കൂൾ ഒഴിപ്പിച്ചു. ഡിസി പൊലീസിന്റെ പ്രവർത്തനത്തിന് ഞങ്ങൾ നന്ദിയറിയിക്കുന്നു" എംഹോഫ് വക്താവ് കാറ്റി പീറ്റേഴ്‌സ് ട്വീറ്റ് ചെയ്തു.
#BREAKING Emhoff spokesperson Katie Peters said the school alerted the Secret Service about what she termed a "security incident or a report of a potential security incident."https://t.co/VLdc8nV3QT
— WDVM 25 (@WDVMTV) February 8, 2022
എഫ്ബിഐ അന്വേഷണം ആരംഭിച്ചു. എംഹോഫിനെ ലക്ഷ്യമിട്ടായിരുന്നു ഭീഷണിയെന്നു കരുതുന്നില്ല. ബോംബ് ഭീഷണി ഉണ്ടായിരുന്നതിനാൽ മുൻകരുതലായി എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. എല്ലാവരും സുരക്ഷിതാനാണെന്ന് വാഷിംഗ്ടൺ പബ്ലിക് സ്‌കൂൾ വക്താവ് എൻറിക് ഗുട്ടറസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.