'ഗസ്സയിലെ മാനുഷികദുരിതം അവസാനിപ്പിക്കാന്‍ 30 ദിവസത്തിനകം നടപടിയില്ലെങ്കില്‍ ആയുധം നൽകുന്നത് നിർത്തും'; ഇസ്രായേലിനോട് അമേരിക്ക

വടക്കൻ ഗസ്സയ്ക്കുമേൽ ചുമത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നും ജോർദാൻ വഴിയുള്ള സഹായ വിതരണത്തിനു സൗകര്യമൊരുക്കണമെന്നും കത്തിൽ നിര്‍ദേശിച്ചിട്ടുണ്ട്

Update: 2024-10-15 16:40 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ഇസ്രായേലിലെ മാനുഷികദുരിതത്തില്‍ ഇടപെട്ടില്ലെങ്കിൽ ആയുധം നൽകുന്നതു നിർത്തുമെന്ന് ഇസ്രായേലിനു ഭീഷണിയുമായി അമേരിക്ക. ഒരു മാസത്തിനകം ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനും അടിയന്തര സഹായം എത്തിക്കാനും നടപടിയുണ്ടായില്ലെങ്കിൽ ആയുധ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക അന്ത്യശാസനം നൽകിയതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.

യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരാണ് ഇസ്രായേൽ സ്ട്രാറ്റജിക് അഫേഴ്‌സ് മന്ത്രി റോൻ ഡെർമെറിന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ വലിയ തോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. യുഎസ് സുരക്ഷാ സഹായം ലഭിക്കുന്ന എല്ലാ രാജ്യങ്ങൾക്കുമായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ഫെബ്രുവരിയിൽ നാഷനൽ സെക്യൂരിറ്റി മെമോറാണ്ടം പുറത്തിറക്കിയിരുന്നു. ഇതിൽ പറഞ്ഞ നിർദേശങ്ങൾ അംഗീകരിക്കാൻ സഹായം സ്വീകരിക്കുന്ന രാജ്യങ്ങൾക്കെല്ലാം ബാധ്യതയുണ്ട്. ഇതുണ്ടായില്ലെങ്കിൽ സൈനിക സഹായവും നിർത്തുമെന്നാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഗസ്സയ്ക്കുള്ള സഹായങ്ങളിൽ 50 ശതമാനത്തിന്റെ ഇടിവുണ്ടായതായും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്രമണം ആരംഭിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ സഹായമാണ് കഴിഞ്ഞ സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തത്. ഗസ്സയ്ക്കുള്ള മാനുഷിക സഹായത്തിന്റെ തോത് വർധിപ്പിക്കണം, ജോർദാൻ വഴിയുള്ള സഹായ വിതരണത്തിനു സൗകര്യമൊരുക്കണം, വടക്കൻ ഗസ്സയ്ക്കുമേൽ ചുമത്തിയ ഉപരോധം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും കത്തിൽ ഉയർത്തിയിട്ടുണ്ട്.

Summary: US warns Israel that weapon supply at risk if Gaza aid crisis not addressed in 30 days

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News