ലോറിയലിന്‍റെ ഹെയര്‍ ഉല്‍പന്നങ്ങള്‍ ക്യാന്‍സറിന് കാരണമായി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കന്‍ യുവതി

ജെന്നി മിച്ചല്‍ എന്ന സ്ത്രീയാണ് കേസ് കൊടുത്തത്

Update: 2022-10-22 06:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്‍ടണ്‍: ഫ്രഞ്ച് കോസ്മെറ്റിക് കമ്പനിയായ ലോറിയലിന്‍റെ കെമിക്കൽ ഹെയർ സ്‌ട്രെയിറ്റനിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം ക്യാന്‍സര്‍ ബാധിച്ചെന്ന പരാതിയുമായി യുവതി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച അമേരിക്കന്‍ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസ് നല്‍കിയതായി അഭിഭാഷകന്‍ പറഞ്ഞു.

ജെന്നി മിച്ചല്‍ എന്ന സ്ത്രീയാണ് കേസ് കൊടുത്തത്. രണ്ട് പതിറ്റാണ്ടിലേറെയായി താന്‍ ലോറിയലിന്‍റെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഗർഭാശയ അർബുദം ബാധിച്ച് പൂർണമായ ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും യുവതി പറയുന്നു. മുടി സ്ട്രെയിറ്റ് ചെയ്യാൻ കെമിക്കൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഗർഭാശയ അർബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് യുവതി കേസ് ഫയല്‍ ചെയ്തത്. കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ ഇത്തരം അപകടകരമായ ഉല്‍പന്നങ്ങളുടെ ഇരകളാണെന്ന് മിച്ചലിന്‍റെ പേഴ്‌സണൽ ഇൻജുറി അറ്റോർണി ബെൻ ക്രമ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു. "കമ്പനികൾ തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനായി കറുത്ത വർഗക്കാരായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച എണ്ണമറ്റ കേസുകളിൽ ഒന്നാണ് മിസ് മിച്ചലിന്‍റെ ദാരുണമായ കേസെന്ന്," ക്രമ്പ് കൂട്ടിച്ചേര്‍ത്തു. ലോറിയല്‍ കമ്പനി ഇതിനോട് പ്രതികരിച്ചിട്ടില്ല.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ പുതിയ പഠനത്തിൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോ​ഗിക്കാത്തവരെ അപേക്ഷിച്ച് സ്ട്രെയിറ്റ് ചെയ്യുന്നവരിൽ അർബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്.മുടി സ്ട്രെയിറ്റ് ചെയ്യാനുപയോ​ഗിക്കുന്ന കെമിക്കൽ ഉത്പന്നങ്ങളിൽ അടങ്ങിയ്ട്ടുള്ള പാരബെൻ, ഡിസ്ഫെനോൾ എ, ലോഹങ്ങൾ, ഫാർമാൽഡിഹൈഡ് എന്നിവയായിരിക്കും അർബു​ദത്തിന് കാരണമാകുന്നതെന്നാണ് കരുതുന്നത്. മറ്റ് ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് തലയോട്ടിയിലേക്ക് നേരിട്ട് ഉപയോ​ഗിക്കുന്നതുകൊണ്ട് കൂടുതൽ ആ​ഗിരണം ചെയ്യാനും കാരണമാകും. അതേസമയം മുമ്പ് നടത്തിയ ഒരു പഠനത്തിൽ പെർമനന്‍റ് ഹെയർ ഡൈയും സ്ട്രെയിറ്റ്നറുകളും സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News