യു.എസില്‍ മൂന്ന് ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു; വിദ്വേഷ കുറ്റകൃത്യമെന്ന് മാതാപിതാക്കള്‍

പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. സംഭവം നടന്നയുടനെ അക്രമി അവിടെ നിന്നും ഓടിപ്പോയതായാണ് സൂചന

Update: 2023-11-27 07:29 GMT
Editor : Jaisy Thomas | By : Web Desk

വെടിയേറ്റ വിദ്യാര്‍ഥികള്‍

Advertising

വാഷിംഗ്‍ടണ്‍: ശനിയാഴ്ച യു.എസിലെ വെര്‍മോണ്ടില്‍ മൂന്ന് ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റ സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്ന് വിദ്യാര്‍ഥികളുടെ കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടു. ഹിഷാം അവർത്താനി, തഹ്‌സീൻ അഹമ്മദ്, കിന്നൻ അബ്ദൽഹമിദ് എന്നിവരെയാണ് വെർമോണ്ട് യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം അജ്ഞാതന്‍ വെടിവച്ചതെന്ന് ബർലിംഗ്ടൺ പൊലീസ് പറഞ്ഞു.

പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. സംഭവം നടന്നയുടനെ അക്രമി അവിടെ നിന്നും ഓടിപ്പോയതായാണ് സൂചന. വെടിയേറ്റ രണ്ടുപേരുടെ നില തൃപ്തികരമാണെന്നും മൂന്നാമത്തെയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ബർലിംഗ്ടൺ പൊലീസ് മേധാവി ജോൺ മുറ അറിയിച്ചു. ഹാവർഫോർഡ് കോളേജ് വിദ്യാര്‍ഥിയാണ് അബ്ദൽഹമിദ്. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലാണ് ഹിഷാം അവർത്താനി പഠിക്കുന്നത്.കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളേജ് വിദ്യാര്‍ഥിയാണ് തഹ്‌സീൻ അഹമ്മദ് .“ഇത് വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി സമഗ്രമായ അന്വേഷണം നടത്താൻ ഞങ്ങൾ നിയമപാലകരോട് ആവശ്യപ്പെടുന്നു'' വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതു വരെ തങ്ങള്‍ക്ക് സമാധാനമായിരിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു.

അക്രമത്തെ വെർമോണ്ട് സെനറ്ററും മുൻ ഡെമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ബെർണി സാൻഡേഴ്‌സ് അപലപിച്ചു."വെർമോണ്ടിലെ ബർലിംഗ്ടണിൽ മൂന്ന് ഫലസ്തീൻ യുവാക്കൾക്ക് വെടിയേറ്റത് ഞെട്ടിപ്പിക്കുന്നതും ആഴത്തിൽ അസ്വസ്ഥമാക്കുന്നതുമാണ്. വിദ്വേഷത്തിന് ഇവിടെയും എവിടെയും സ്ഥാനമില്ല." ബെര്‍ണി എക്സില്‍ കുറിച്ചു. ഫലസ്തീനികൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്ന് യുകെയിലെ ഫലസ്തീൻ മിഷന്‍റെ തലവനായ അംബാസഡർ ഹുസാം സോംലോട്ട് ആവശ്യപ്പെട്ടു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News