സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കുനേരെ താലിബാൻ വെടിവയ്പ്പ്; രണ്ടു മരണം

അസദാബാദിലും ജലാലാബാദിലും അഫ്ഗാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒത്തുകൂടിയ നാട്ടുകാര്‍ക്കുനേരെയാണ് വെടിവയ്പ്പുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു

Update: 2021-08-19 11:53 GMT
Editor : Shaheer | By : Web Desk
Advertising

അഫ്ഗാനിസ്താനിൽ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാർക്കുനേരെ താലിബാൻ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അസദാബാദിലും ജലാലാബാദിലുമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളെ താലിബാൻ സൈന്യം നേരിട്ടത്.

അസദാബാദിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒത്തുകൂടിയ ജനക്കൂട്ടത്തിനുനേരെ നടന്ന താലിബാൻ വെടിവയ്പ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനക്കൂട്ടത്തിൽ ഒരാൾ താലിബാൻ സംഘത്തെ കത്തികൊണ്ട് ആക്രമിച്ചതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് താലിബാൻ വിശദീകരണം.

ജലാലാബാദിൽ അഫ്ഗാൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാർക്കുനേരെയും താലിബാൻ സൈന്യം വെടിവച്ചതായി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിൽ ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കാബൂളിലും സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാബൂളിൽ താലിബാൻ സൈന്യത്തിനുനേരെ അഫ്ഗാൻ പതാക വീശി സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി. ദേശീയ പതാകയാണ് തങ്ങളുടെ വ്യക്തിത്വമെന്ന് ഇവർ താലിബാൻ സംഘത്തോട് വിളിച്ചുപറയുകയും ചെയ്തായി അല്‍ജസീറ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കാബൂൾ വിമാനത്താവളത്തിലൂടെ വിദേശ പൗരന്മാരെയടക്കം ഒഴിപ്പിക്കൽ തുടരുകയാണ്. മുഴുവൻ അമേരിക്കൻ പൗരന്മാരെയും നാട്ടിലെത്തിക്കുന്നതുവരെ സൈന്യം അഫ്ഗാനിൽ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, സമ്പൂർണസേനാ പിന്മാറ്റത്തിനു നിശ്ചയിച്ചിരുന്ന കാലാവധിയായ ഓഗസ്റ്റ് 31 കഴിഞ്ഞാണെങ്കിലും അവസാന അമേരിക്കക്കാരനെയും രക്ഷിച്ചേ എല്ലാവരും മടങ്ങൂവെന്നാണ് ബൈഡൻ വ്യക്തമാക്കിയിട്ടുള്ളത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News