'പുടിൻ കൊല്ലപ്പെടും'... ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി സെലൻസ്‌കി
'കൊലയാളിയെ കൊല്ലാനുള്ള കാരണവും അവർ കണ്ടെത്തും'
കിയവ്: റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ അദ്ദേഹത്തിന്റെ അനുയായിയാൽ തന്നെ കൊല്ലപ്പെടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി. യുക്രൈൻ യുദ്ധത്തെക്കുറിച്ച് 'വർഷം' ( 'Year')എന്ന പേരിൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് സെലെൻസ്‌കിയുടെ പരാമർശം. യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.
''റഷ്യയ്ക്കുള്ളിൽ പുടിന്റെ ഭരണത്തിന്റെ ദുർബലത അനുഭവപ്പെടുന്ന നിമിഷം വരും. അപ്പോൾ വേട്ടക്കാർ വേട്ടക്കാരനെ വിഴുങ്ങും. കൊലയാളിയെ കൊല്ലാനുള്ള കാരണം അവർ കണ്ടെത്തും. ഇത് എന്ന് നടക്കുമന്ന് എനിക്കറിയില്ല..പക്ഷേ നടക്കും..സെലൻസ്‌കിയെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.
ക്രൈമിയ ഉൾപ്പെടെ യുക്രൈൻ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയും യുദ്ധം അവസാനിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. 'ഇത് ഞങ്ങളുടെ നാടാണ്, നമ്മുടെ ആളുകൾ, നമ്മുടെ ചരിത്രം. യുക്രെയ്നിന്റെ എല്ലാ കോണുകളിലും ഞങ്ങൾ യുക്രൈൻ പതാക വീണ്ടും പാറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുടിനെതിരെ അദ്ദേഹത്തിന്റെ അടുത്ത അനുയായികളിൽ നിന്നു തന്നെ അതൃപ്തി ഉയരുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പരാമർശം. യുദ്ധമുഖത്ത് സൈനികൾ പൊട്ടിക്കരയുന്നതും പരാതിപ്പെടുന്ന വീഡിയോയും അടുത്തിടെ പുറത്ത് വന്നിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികൾ കൂടുതൽ നിരാശരാണെന്നും വാഷിംഗ്ടൺ പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സെലെൻസ്‌കിയുടെ ഈ അഭിപ്രായങ്ങളോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.