പുടിന്‍റെ കൂലിപ്പട്ടാളം തിരിഞ്ഞുകുത്തി; മുള്‍മുനയില്‍ റഷ്യ
ദക്ഷിണ നഗരമായ റൊസ്‌തോവ് ഓൺ ഡൺ വാഗ്നർ ഗ്രൂപ്പ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്
മോസ്‌കോ: പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ കൂലിപ്പട്ടാളമായി അറിയപ്പെടുന്ന വാഗ്നർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ റഷ്യയിൽ സൈനിക കലാപം. റഷ്യൻ സേനയുടെ നേതൃസ്ഥാനം തകർക്കാൻ ആവശ്യമായ എല്ലാം ചെയ്യുമെന്ന് വാഗ്നർ ഗ്രൂപ്പ് തലവൻ യവ്‌ജെനി പ്രിഗോസിൻ പറഞ്ഞു. തന്റെ സൈന്യം യുക്രൈനിൽനിന്ന് റഷ്യയിലേക്ക് മാർച്ച് ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.
ദക്ഷിണ നഗരമായ റൊസ്‌തോവ് ഓൺ ഡൺ വാഗ്നർ ഗ്രൂപ്പ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ജനങ്ങളോട് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഗോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
അസാധാരണ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡണ്ട് പുടിൻ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു. വ്യക്തിപരമായ താത്പര്യങ്ങൾ രാജ്യത്തെ തകർക്കുമെന്ന് പറഞ്ഞ അദ്ദേഹം പൗരന്മാർ എല്ലാവരും രാജ്യത്തിനായി രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു. വാഗ്നർ ഗ്രൂപ്പ് പിന്നിൽ നിന്ന് കുത്തുന്ന പണിയാണ് എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.