'വാക്സിനെടുക്കൂ, കഞ്ചാവടിക്കൂ..': കുത്തിവെപ്പ് എടുപ്പിക്കാന്‍ ഇങ്ങനെയും ഓഫര്‍ !

വാക്സിൻ സ്വീകരിക്കുന്ന 21 വയസിന് മുകളിലുള്ളവർക്കാണ് സൗജന്യമായി 'സ്റ്റഫ്' ലഭിക്കുക.

Update: 2021-06-09 12:41 GMT
Editor : Suhail | By : Web Desk
Advertising

കുത്തനെ കുറഞ്ഞ കോവിഡ് വാക്സിൻ നിരക്ക് ഉയർത്താൻ പുത്തൻ ഓഫറുമായി അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനം. കുത്തിവെപ്പ് എടുക്കുന്ന പ്രായപൂർത്തിയായവർക്ക് സാക്ഷാൽ കഞ്ചാവാണ് വാഷിങ്ടൺ ഭരണകൂടം വാ​ഗ്ദാനം ചെയ്യുന്നത്.

വാക്സിൻ സ്വീകരിക്കുന്ന 21 വയസിന് മുകളിലുള്ളവർക്കാണ് സൗജന്യമായി 'സ്റ്റഫ്' ലഭിക്കുക. പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വ്യാപാരികളും രം​ഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഉൾപ്പടെ, അമേരിക്കയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 2012 മുതൽ കഞ്ചാവ് ഉപഭോ​ഗം നിയമവിധേയമാണ്. 'ജോയിൻസ് ഫോർ ജാബ്സ്' എന്നാണ് വാഷിങ്ടണിലെ വാക്സിൻ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

വാഷിങ്ടണിലെ 54 ശതമാനം പേരും ഒരു തവണയെങ്കിലും വാക്സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അവസാന ആഴ്ച്ചകളിൽ രാജ്യത്തെ വാക്സിൻ നിരക്കിൽ ഇടിവ് സംഭവിച്ചതാണ് പുതിയ ഓഫറുമായി ജനങ്ങളിലേക്ക് ഇറങ്ങാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്.

നേരത്തെ 'വാക്സി‍ൻ ഭാ​ഗ്യക്കുറി'യുമായി കാലിഫോർണിയ, ഒഹൈയോ സംസ്ഥാനങ്ങൾ രം​ഗത്തെത്തിയിരുന്നു. വാക്സിൻ സ്വീകരിക്കുന്ന ഭാ​ഗ്യശാലിക്ക് ക്യാഷ് പ്രൈസും സ്കോളർഷിപ്പുമാണ് ഇവിടെ പ്രഖ്യാപിച്ചത്. വാക്സിനെടുക്കുന്നവർക്ക് സ്പോർട്സ് ടിക്കറ്റുകൾ, സൗജന്യ വിമാന ടിക്കറ്റുകൾ, ബിയർ എന്നിവ പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമുണ്ട്.

ജൂലൈ 12 വരെയാണ് വാഷിങ്ടണിലെ ജോയിൻസ് ഫോർ ജാബ്സ് പദ്ധതി നീണ്ടുനിൽക്കുന്നത്. അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലോട് കൂടി രാജ്യത്തെ 70 ശതമാനം പേർക്കെങ്കിലും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News