വാട്ടര്‍ സ്ലൈഡ് പകുതിക്കു വച്ച് പൊട്ടിവീണു, 30 അടി താഴ്ചയിലേക്ക് ആളുകള്‍; ഭയപ്പെടുത്തുന്ന വീഡിയോ

ഒരു സർപ്പിളാകൃതിയിലുള്ള അടച്ച ട്യൂബ് സ്ലൈഡിന്‍റെ ഒരു ഭാഗം തകരുന്നതും അതിലുണ്ടായിരുന്ന ആളുകള്‍ 30 അടി താഴ്ചയിലുള്ള കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം

Update: 2022-05-13 03:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ കെഞ്ചരന്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പകുതിക്ക് പൊട്ടിവീണു. സ്ലൈഡിലുണ്ടായിരുന്ന ആളുകള്‍ 30 അടി താഴ്ചയിലേക്ക് വലിച്ചെറിയപ്പെടുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മേയ് 7നാണ് സംഭവം. ഒരു സർപ്പിളാകൃതിയിലുള്ള അടച്ച ട്യൂബ് സ്ലൈഡിന്‍റെ ഒരു ഭാഗം തകരുന്നതും അതിലുണ്ടായിരുന്ന ആളുകള്‍ 30 അടി താഴ്ചയിലുള്ള കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ഭയചകിതരായ ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുമുണ്ട്. സ്ലൈഡിനുള്ളിൽ കുടുങ്ങിയ 16 പേരിൽ എട്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ മൂന്ന് പേരുടെ എല്ലുകൾ ഒടിഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. സുരബായ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍പാര്‍ക്കിലെ റൈഡുകള്‍ കാലപ്പഴക്കം ചെന്നവയാണെന്നും അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോൾ സ്ലൈഡിൽ ആളുകള്‍ കൂടുതലുണ്ടായിരുന്നതായി അധികൃതര്‍ സമ്മതിച്ചു. ഏറ്റവും പുതിയ അറ്റകുറ്റപ്പണികൾ ഒമ്പത് മാസം മുമ്പാണ് നടന്നതെന്ന് വാട്ടർ പാർക്ക് അധികൃതര്‍ അറിയിച്ചു.

ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മേഖലയിലെ മറ്റ് അമ്യൂസ്‌മെന്‍റ് പാർക്കുകളിലും അടിയന്തര പരിശോധന നടത്തണമെന്ന് സുരബായ സിറ്റി ഡെപ്യൂട്ടി മേയർ അർമുജി നിര്‍ദേശിച്ചു. അമ്യൂസ്‌മെന്‍റ് പാർക്കുകളുടെ ഉടമകൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സന്ദർശകരുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ പാലിക്കണമെന്നും ഡെപ്യൂട്ടി മേയർ ഓർമ്മിപ്പിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News